ഓട അപകടക്കെണിയായിട്ട് 3 വർഷം; പരാതികൾക്ക് പരിഹാരമായില്ല
Mail This Article
കോഴിക്കോട് ∙ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ടു മരിച്ച തടമ്പാട്ടുതാഴം –കണ്ണാടിക്കൽ റോഡിലെ ഓട അപകടക്കെണിയായി 3 വർഷം പിന്നിട്ടിട്ടും പ്രശ്നത്തിനു പരിഹാരമായില്ല. റോഡ് വീതി കൂട്ടി നവീകരിച്ചതോടെയാണ് നേതാജി വായനശാലയ്ക്കും പൊളിച്ച പീടികയ്ക്കും ഇടയിൽ നടപ്പാത പോലുമില്ലാതായത്. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാരനു മാറി നിൽക്കാൻ പോലും സ്ഥലമില്ല. ഇതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടാറുണ്ട്. വാഹനങ്ങൾ പോകുമ്പോൾ റോഡരികിലേക്കു മാറി നിൽക്കവേ കാൽനടക്കാർ ഓടയിലേക്കു വീണു അപകടത്തിൽ പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബസ് ഇറങ്ങി പോകുന്നവരും കാൽതെന്നി ഓടയിലേക്കു വീണിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഓടയ്ക്കു 2 മീറ്ററോളം താഴ്ചയുണ്ട്. മഴക്കാലത്തു വെള്ളം കെട്ടിനിൽക്കാറുണ്ട്. അപകടസാധ്യത അന്നു തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ റോഡിന്റെ പാർശ്വഭിത്തി ഉയർത്തി കെട്ടുകയോ കൈവരി നിർമിക്കുകയോ ചെയ്തില്ല. ഇവിടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്ന ഭാഗത്തു മാത്രമാണ് വീതി കൂടിയ ഓടയ്ക്കു മുകളിൽ സ്ലാബുള്ളത്.
റോഡ് നവീകരണ സമയത്ത് പരാതി പറഞ്ഞതിനെ തുടർന്നാണ് റോഡിന് എതിർവശത്തെ പല ഭാഗത്തും ഓടയ്ക്കു മുകളിൽ സ്ലാബിട്ടതും പാർശ്വഭിത്തി ഉയർത്തി കൈവരി നിർമിച്ചതുമെന്നു നാട്ടുകാർ പറഞ്ഞു. എന്നാൽ മറു ഭാഗത്തെ പ്രശ്നം പരിഹരിച്ചതുമില്ല.