കരയിൽ തെരുവുനായ്ക്കൾ, പുഴയിൽ നീർനായ്ക്കളും; പൊറുതിമുട്ടി ജനം
Mail This Article
മുക്കം∙ കരയിൽ തെരുവുനായ്ക്കളുടെ ആക്രമണം, പുഴയിൽ നീർനായ്ക്കളുടെ ആക്രമണം, പൊറുതി മുട്ടി ജനം. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ചാലിയാർ പുഴയിലും നീർനായ്ക്കളുടെ വിളയാട്ടം തുടരുകയാണ്. ചേന്നമംഗല്ലൂർ മുട്ടേത്ത് കടവിൽ കഴിഞ്ഞ ദിവസം റിട്ട.പ്രധാനാധ്യാപകൻ പള്ളിയാളി മുസ്തഫ(57)യ്ക്ക് നേരെ നീർനായയുടെ ആക്രമണം ഉണ്ടായി.
ഇരുകാലിലും കടിച്ച് പരുക്കേൽപിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓർഫനേജിന് പിറകു വശത്തുള്ള മൂലത്ത്കടവിൽ വച്ച് 18 വയസ്സുകാരൻ അജിലിനെ നീർനായ കടിച്ചത് അടുത്തിടെയാണ്. കാരശ്ശേരി, കൊടിയത്തൂർ ഭാഗങ്ങളിലും നീർനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കയാണ്.
വനം വകുപ്പ് അധികൃതർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഒട്ടേറെ തവണ ദ്രുത കർമ സേന പുഴകളിലെത്തി വല വിരിച്ചിട്ടും കൂട് സ്ഥാപിച്ചിട്ടും ഒരെണ്ണത്തെ പോലും പിടികൂടാൻ കഴിഞ്ഞില്ല. നഗരസഭാ പരിധിയിലും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ അധീനതയിലുമുള്ള കടവുകളിലാണ് നീർനായ്ക്കളുടെ വിളയാട്ടം.
അതിനിടെയാണ് കഴിഞ്ഞ ദിവസം മൈസൂർ പറ്റ സ്വദേശി ഐക്കരശ്ശേരിയിൽ മാത്യുവിന് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കവെ തോട്ടക്കാട് അങ്ങാടിക്ക് സമീപം തെരുവുനായ ബൈക്കിന് നേരെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ഇടതു കാലിന് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊറ്റശ്ശേരിയിലും മാമ്പറ്റയിലും തെരുവുനായ്ക്കളുടെ കടിയേറ്റവർ ഏറെയുണ്ട്.