കുറുന്തോട്ടി കൃഷി വിജയിച്ച സന്തോഷത്തിൽ ത്രിവേണി കുടുംബശ്രീ
Mail This Article
മാവൂർ ∙ പച്ചമരുന്നു കൃഷിയിലെ പരീക്ഷണം വിജയിച്ചു. കൈത്തൂട്ടി മുക്കിൽ പരുത്തിപ്പാറ മലയിലെ കുറുന്തോട്ടി കൃഷി വിജയിച്ച സന്തോഷത്തിലാണ് ത്രിവേണി കുടുംബശ്രീ അംഗങ്ങൾ. കേട്ടറിഞ്ഞ കുറുന്തോട്ടി കൃഷിയിൽ ആദ്യപരീക്ഷണം വിജയിച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്കു ഇതു വ്യാപിപ്പിക്കും.
റോഡരികുകൾ, മറ്റു പൊതുസ്ഥലങ്ങൾ, സ്വകാര്യ പറമ്പുകൾ എന്നിവിടങ്ങളിൽ നിന്നും കുറുന്തോട്ടി തൈകൾ ശേഖരിച്ച് രണ്ടേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. മൂന്നുമാസം മുൻപ് ഇറക്കിയ കുറുന്തോട്ടി വിളവെടുപ്പിന് പാകമായി. വ്യത്യസ്തമായ കൃഷി കേട്ടറിഞ്ഞ് ഒട്ടേറെ ആളുകൾ ഇവയുടെ കൃഷിരീതി അന്വേഷിച്ചെത്തുന്നുണ്ട്.
വൈദ്യ ശാലകളിൽ നിന്നുള്ളവരും പച്ചമരുന്നു വിൽപനക്കാരും കുറുന്തോട്ടി ആവശ്യപ്പെട്ടു എത്തുന്നുണ്ട്. പഞ്ചായത്തും കൃഷിഭവനും ചേർന്ന് തൊഴിലുറപ്പ് പദ്ധതി അനുസരിച്ചാണു കൃഷിക്കു നിലം പാകമാക്കിയത്. നട്ടു കഴിഞ്ഞാൽ പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെന്നതാണ് കുറുന്തോട്ടി കൃഷിയെ ആകർഷകമാക്കുന്നത്. മൂന്ന് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. വേരും തണ്ടും ഇലയും ഉപയോഗിക്കാനാവും. ഇതിനു പുറമേ ചെണ്ടുമല്ലിയും ഇവരുടെ കൃഷിയിടത്തിലുണ്ട്.