സാൻഡ് ബാങ്ക്സിലെ ഫ്ലോട്ടിങ് ജെട്ടി തകർച്ചയിൽ
Mail This Article
വടകര∙ സാൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ഫ്ലോട്ടിങ് ജെട്ടി തകർന്നു തീർന്ന് ഇല്ലാതാകുന്നു. വിനോദ സഞ്ചാര കേന്ദ്രത്തിൽ ബോട്ട് സർവീസ് തുടങ്ങും മുൻപ് സ്ഥാപിച്ച ജെട്ടിക്കാണ് ഈ ഗതി. 2 വർഷം മുൻപ് ജെട്ടി സ്ഥാപിക്കാനുള്ള നീക്കം നടന്നപ്പോൾ ഇവിടെ അനുയോജ്യമല്ലെന്നു പരിസരവാസികളും മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് സ്ഥാപിച്ച ജെട്ടിയുടെ പല ഭാഗവും വേർപെട്ടു പോയി. നശിച്ച ഭാഗം മുഴുവൻ സമീപത്തെ കെട്ടിടത്തിൽ അട്ടിയിട്ട് സൂക്ഷിച്ചിരിക്കുകയാണ്.
കടലും പുഴയും ചേരുന്ന ഭാഗത്തു കടൽഭിത്തിയോടു ചേർന്നാണു പ്ലാസ്റ്റിക് കൊണ്ടുള്ള ജെട്ടി സ്ഥാപിച്ചത്. ഇതിലേക്കു കടക്കാൻ നടപ്പാലവും പണിതിരുന്നു. എന്നാൽ കടലിനോടു ചേർന്ന ഭാഗത്തായതുകൊണ്ടു ജെട്ടി ആടി ഉലഞ്ഞു തകർന്നു തീരുകയായിരുന്നു. ഇപ്പോൾ അവശേഷിക്കുന്ന ചെറിയ ഭാഗവും തകർന്നാൽ ജെട്ടി തീർത്തും ഇല്ലാതാകും. വിനോദ സഞ്ചാര വകുപ്പാണ് വൻ തുക ചെലവിട്ടു ജെട്ടി സ്ഥാപിച്ചത്. ബോട്ട് വരുന്നതിനു മുൻപു ജെട്ടി സ്ഥാപിച്ചതും വിവാദമായിരുന്നു.