ഭീതി പരത്തി ഡെങ്കിപ്പനി; 32 പേർക്ക് രോഗബാധ: കോഴിക്കോട് ജില്ലയിൽ ഒരു മരണം
Mail This Article
കോഴിക്കോട്∙ ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 32 പേർക്ക് ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. രോഗബാധിതരിൽ കൂടുതൽ പേർ കോർപറേഷൻ പരിധിയിലുള്ളവരാണ്. ജില്ലയിലെ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും. ഈഡിസ് ഈജിപ്തി ഇനത്തിൽ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ടാണ് ഇവ വളരുന്നത്. അതിനാൽ റഫ്രിജറേറ്ററിനു പിറകിലെ ട്രേ, ചെടിച്ചട്ടികൾ, ചിരട്ടകൾ, ടാർപോളിൻ, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന നല്ല വെള്ളത്തിൽ മുട്ടയിട്ട് ഇത്തരം കൊതുകുകൾ വളരാനുള്ള സാധ്യത ഏറെയാണ്.
വീട്ടിലും പരിസരത്തും ശുദ്ധജലം ഉൾപ്പെടെ കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ജല സംഭരണികൾ നന്നായി അടയ്ക്കണം. കിണർ കൊതുകുവല ഉപയോഗിച്ച് മൂടുന്നതും ഏറെ നല്ലതാണ്. രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുകു മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഡ്രൈഡേ ആചരിക്കണം. പനിയോടൊപ്പം ശക്തമായ ശരീരവേദന, (പ്രധാനമായും സന്ധിവേദന), തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.