വന്ദേ ഭാരത് ട്രെയിനിന് ഉജ്വല വരവേൽപ്
Mail This Article
കോഴിക്കോട് ∙ രണ്ടാം വന്ദേ ഭാരത് ട്രെയിനിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്. റെയിൽവേ, ബിജെപി ജില്ലാ കമ്മിറ്റി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണു സ്വീകരണം നൽകിയത്.
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനെ സ്വീകരിക്കാൻ സ്റ്റേഷനിൽ ഉച്ചയ്ക്ക് 1 മുതൽ കലാപരിപാടി ഒരുക്കിയിരുന്നു. ഗാനാലാപനം, നൃത്തം തുടങ്ങിയവയാണു സംഘടിപ്പിച്ചത്. വൈകിട്ട് 3.20നു മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനെ പുഷ്പവൃഷ്ടിയോടെയും വാദ്യഘോഷത്തോടെയുമാണു വരവേറ്റത്.
ലോക്കോ പൈലറ്റ് എം.ജെ.കുര്യാക്കോസിനെ എം.കെ.രാഘവൻ എംപി, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, എം.പി.മൊയ്തീൻ കോയ തുടങ്ങിയവർ ഷാൾ അണിയിച്ചു. മേയർ ബീന ഫിലിപ് ട്രെയിനിനെ സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹ്മാൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ കാസർകോട് നിന്നു തന്നെ ട്രെയിനിൽ ഉണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷൻ ഡയറക്ടർ പി.അബ്ദുൽ അസീസ്, സ്റ്റേഷൻ മാനേജർ പി.കെ.ഹരീഷ് എന്നിവർ റെയിൽവേയുടെ സ്വീകരണ പരിപാടിക്കു നേതൃത്വം നൽകി. ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി, അഡീഷനൽ ഡിവിഷനൽ മാനേജർ എസ്.ജയകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥരായ സി.ടി.സക്കീർ ഹുസൈൻ, അരുൺ തോമസ് കളത്തിങ്കൽ, സിദ്ധാർഥ് വർമ, ലാവണ്യ, ജിതിൻ നെൽസൻ, ഫെബിൻ ഫിലിപ്പ്, മുരളീധരൻ തുടങ്ങിയവർ ട്രെയിനിനെ അനുഗമിച്ചു. 3.25നു ട്രെയിൻ യാത്ര തുടർന്നു.
കൗൺസിലർമാരായ അനുരാധ തായാട്ട്, സരിതാ പറയേരി, രമ്യാ സന്തോഷ്, നടി നിത്യാ ദാസ്, സംവിധായകൻ വി.എം.വിനു, സാഹിത്യകാരി കെ.പി.സുധീര, പ്രജിത് ജയപാൽ, റോഷൻ കൈനടി, ഇ.പ്രശാന്ത് കുമാർ, കെ.വി.സുധീർ, ജുബിൻ ബാലകൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിങ് ചെയർമാൻ സി.ഇ.ചാക്കുണ്ണി, ദേശീയ കൺവീനർ ടി.പി.വാസു തുടങ്ങിയവർ നേതൃത്വം നൽകി. സ്വീകരണ ശേഷം കോഴിക്കോട്ടു നിന്നു വിവിധ മേഖലകളിലുള്ളവർ തിരൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local