ADVERTISEMENT

തിരുവമ്പാടി ∙ ഇന്ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുമ്പോൾ യാത്രയുടെ അനുഭവങ്ങളുമായി വനിത കൂട്ടായ്മയ്ക്കു 10 വയസ്സ്.  വിജ്ഞാനവും വിനോദവും ലക്ഷ്യം വച്ചാണ് ദേശാടനം എന്ന വനിതകളുടെ യാത്രാ സംഘം 2013 സെപ്റ്റംബറിൽ രൂപീകരിച്ചത്. യാത്രകളിൽ തൽപരരും എന്നാൽ പലവിധ കാരണങ്ങളാൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കാത്തവരുമായ സ്ത്രീകളെ സംഘടിപ്പിച്ച് യാത്രകൾക്ക് നേതൃത്വം നൽകുന്നത് നീലേശ്വരം ഗവ. എച്ച്എച്ച്എസ് അധ്യാപികയായ എം.എൽ.ഷീജയും  അധ്യാപികയായ മില്ലി മോഹനനും  എഴുത്തുകാരി പി.സ്മിനയും ചേർന്നാണ്.

കെഎസ്ആർടിസിയുമായി ചേർന്നു നടത്തിയ വനിതാദിന യാത്രകൾ വേറിട്ട യാത്രാ അനുഭവം ആയിരുന്നു. മികച്ച യാത്രാ വിവരണത്തിനുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഈ വർഷത്തെ അവാർഡ് ദേശാടനം കോഓർഡിനേറ്റർ എം.എൽ.ഷീജയ്ക്കു ലഭിച്ചത് കൂട്ടായ്മയ്ക്ക് അഭിമാനം ആയി.  കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ യാത്രകൾ ഈ സംഘം സംഘടിപ്പിച്ചു.

ആദ്യകാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ ദീർഘദൂര യാത്രകൾ മാത്രമായിരുന്നു. കോവിഡ് കാലത്തിനു ശേഷം സംഘം കൂടുതൽ സജീവമാകുകയും മാസത്തിൽ ഒന്നെങ്കിലും ഏകദിന യാത്രകളും വർഷത്തിൽ രണ്ടോ മൂന്നോ ദീർഘദൂര യാത്രകളും സംഘടിപ്പിക്കുകയും ചെയ്തു.  കശ്മീർ, ഉത്തരാഖണ്ഡ്, ആൻഡമാൻ ദ്വീപുകൾ, കൊൽക്കത്ത, ഹൈദരാബാദ്, രാമേശ്വരം, ധനുഷ്കോടി, ആഗ്ര, ഡൽഹി, അമൃത്‌സർ തുടങ്ങി സംസ്ഥാനത്തിന് പുറത്തു യാത്രകൾ നടത്തി.

ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒഴികെ എല്ലായിടത്തും ഈ യാത്രാസംഘം എത്തി. കലാ സാംസ്‌കാരിക സാഹിത്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിച്ചു അവരുമായി സംവദിക്കുകയും ചെയ്യുന്നു. കലാ സാംസ്കാരിക പരിപാടികളിൽ ഒരുമിച്ചു പങ്കെടുക്കുകയും സാഹിത്യ ചർച്ചകൾ സംഘടിപ്പിക്കുകയും യാത്രാ വിവരണങ്ങൾ എഴുതുകയും ചെയ്യുന്നു. 

യാത്രകൾ സംഘടിപ്പിക്കുന്നത് സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരും കുട്ടികളും കൂടി ഉൾപ്പെടുന്ന കുടുംബ സമേതം യാത്രകളും പതിവാണ്. വിദ്യാർഥിനികൾ, വീട്ടമ്മമാർ, അധ്യാപികമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി എല്ലാം വിഭാഗത്തിലും പെട്ട സ്ത്രീകൾ സംഘത്തിലുണ്ട്. ചെലവുകൾ എല്ലാം അംഗങ്ങൾ തുല്യമായി ഭാഗിക്കും. സ്വന്തമായി വരുമാനമില്ലാത്ത വിദ്യാർഥിനികൾക്കും സ്ത്രീകൾക്കും  സൗജന്യ യാത്രകളും അനുവദിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com