ഇടുങ്ങിയ റോഡ്, അതിലേക്കു തള്ളിക്കയറും പോലെ കടകളും
Mail This Article
കോഴിക്കോട്∙ ഇടുങ്ങിയ റോഡ്, അതിനോടു ചേർന്ന് കടകൾ. ചായക്കടയിൽ എത്തുന്നവർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കെഎസ്ഇബിയുടെ 11,000 കെവി റിങ് മെയിൻ യൂണിറ്റിനു (ആർഎംയു) സമീപം. അരയിടത്തുപാലം – കോട്ടൂളി സെന്റർ കനാൽ റോഡിൽ തുടക്കത്തിലാണ് ഈ കാഴ്ചകൾ. വീതി കുറഞ്ഞ റോഡിൽ പാർക്കിങ് നിരോധിച്ചു കൊണ്ടു പൊലീസ് സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി ഉണ്ടെങ്കിലും കടകളിലേക്കും മറ്റും വരുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തുന്നതോടെ ഗതാഗതതടസ്സവും രൂക്ഷമാണ്.
കടകളിലൊന്നു രേഖകളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും 7 ദിവസത്തിനകം നീക്കണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ (സർക്കിൾ 8) പി.എം.സുമ പറഞ്ഞു. രണ്ടാമത്തെ കടയ്ക്ക് ഉന്തുവണ്ടി അനുമതിയാണ് ഉള്ളതെന്നും ഇതിനോടു ചേർന്നു നിർമിച്ച പന്തലും മറ്റും അഴിച്ചുമാറ്റാൻ നിർദേശം നൽകിയെന്നും സുമ അറിയിച്ചു.
ഈ റോഡിലെ അനധികൃത പാർക്കിങ്ങിനു പുറമെ ലഹരി ഉപയോഗിക്കുന്നവരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യവും രൂക്ഷമാണെങ്കിലും അധികൃതർ ഈ വഴി തിരിഞ്ഞു നോക്കാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വീടുകളുമുള്ള ഈ വഴിയിലൂടെ സന്ധ്യ മയങ്ങിയാൽ സ്ത്രീകൾക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്.
കനോലി കനാലിനോടു ചേർന്ന ഒരു തുണ്ട് ഭൂമിയിലാണ് കടകൾ. കടകളിൽ എത്തുന്നവർ വാഹനങ്ങൾ പൊതുറോഡിൽ പാർക്ക് ചെയ്യുന്നതും ദുരിതമാണ്. പാർക്കിങ് നിരോധിച്ച് ട്രാഫിക് പൊലീസ് 12 ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബോർഡിനു ചുറ്റും പാർക്കിങ് ആണ്. കടകളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത് പുറത്തേക്കാണ്. കടകൾക്കു സമീപം കെഎസ്ഇബിയുടെ റിങ് മെയിൻ യൂണിറ്റ് ഉണ്ട്. ഇതിനോട് ചേർത്തു ഷീറ്റു കെട്ടി അപകടകരമായ നിലയിലാണ് ഒരു കട പ്രവർത്തിക്കുന്നത്. ഇതിനു ചുറ്റുമാണ് ചായക്കടയിൽ എത്തുന്നവർ വിശ്രമിക്കുന്നത്.