കല്ലാച്ചേരി കടവിൽ പാലം വന്നില്ല; കടത്തു തോണിയും നിലച്ചു
Mail This Article
നാദാപുരം∙ മയ്യഴിപ്പുഴയ്ക്കു കുറുകെ നാദാപുരം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കല്ലാച്ചേരി കടവിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കാൻ തീരുമാനിച്ച പാലത്തിന്റെ പണി കാലമേറെ കഴിഞ്ഞിട്ടും തുടങ്ങാനായില്ല. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഈ പാലത്തിനു ബജറ്റിൽ 3 കോടി രൂപ ആദ്യം അനുവദിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുക 10 കോടിയാക്കി ഉയർത്തി. കോഴിക്കോട് ജില്ലയിൽ പാലത്തിന്റെ അനുബന്ധ റോഡിനു സ്ഥലം നൽകാൻ നാട്ടുകാർ സന്നദ്ധരായെങ്കിലും കണ്ണൂർ ജില്ലയിലുള്ള ചിലർ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങിയതോടെയാണ് പാലം കടലാസിലൊതുങ്ങിയത്.
കെ.കെ.ശൈലജ മന്ത്രിയായ ഘട്ടത്തിൽ പാലം വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇതേ നിലപാട് പ്രഖ്യാപിച്ചതാണ്. കോഴിക്കോട് ജില്ലയിലെ തൂണേരി പഞ്ചായത്തിലാണ് പാലത്തിന്റെ ഒരറ്റം വരിക. ഈ കടവ് വരെ ടാർ ചെയ്ത റോഡുണ്ട്. കണ്ണൂർ ജില്ലയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലാണ് പാലത്തിന്റെ മറ്റേയറ്റം വരിക. ഇവിടെയും നിലവിൽ റോഡുണ്ടെങ്കിലും പാലം പണിയുമ്പോൾ ഈ റോഡിനോടു ചേർന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ഇതാണു കടമ്പയായി കിടക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ തോണിയായിരുന്നു വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രയ്ക്ക് ആശ്രയം. ഇപ്പോൾ തോണി ഇറക്കാൻ പലരും സന്നദ്ധരാകുന്നില്ല. തോണി കടവിൽ വെറുതെ കിടക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ആളുകൾ സ്വയം തോണിക്കാരാകും. സ്ഥലം വിട്ടു കിട്ടാനുള്ള ചർച്ച നടക്കുന്നു എന്നാണ് കൂത്തുപറമ്പ് എംഎൽഎയായ കെ.പി.മോഹനൻ പറയുന്നത്. സിപിഎമ്മിന്റെ തൂണേരി, ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റികളൊക്കെ പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യമുയർത്തിയെങ്കിലും നടപടികൾ മുന്നോട്ടു പോകുന്നില്ല.