കിർത്താഡ്സിൽ അംഗപരിമിതന് വിവേചനം, അവഗണന; ജോലി വേണ്ടെന്ന് എഴുതി വാങ്ങിയെന്ന് പരാതി
Mail This Article
കോഴിക്കോട്∙ ചേവായൂരിലെ കിർത്താഡ്സ് ഡയറക്ടറേറ്റിൽ ജോലിയിൽ പ്രവേശിക്കാൻ നിയമന ഉത്തരവുമായി എത്തിയ ആൾ അംഗപരിമിതൻ ആയതിനാൽ നിയമനം നൽകാതെ മണിക്കൂറുകളോളം വരാന്തയിൽ നിർത്തിയെന്നു പരാതി. ജോലി വേണ്ടെന്ന് അംഗപരിമിതനോടു നിർബന്ധപൂർവം എഴുതി വാങ്ങിയതായും ആരോപണം. അരങ്ങാടത്ത് സ്വദേശി പി.അനൂപിനാണ് അംഗപരിമിതൻ ആയതിനാൽ അവഗണന അനുഭവിക്കേണ്ടി വന്നത്.
കലക്ടറേറ്റിൽ പാർട്ട് ടൈം സ്വീപ്പർ ആയി 2 വർഷം ജോലി ചെയ്ത അനൂപിനെ കഴിഞ്ഞ ദിവസം ഫുൾ ടൈം സ്വീപ്പർ കം വാച്ച്മാൻ തസ്തികയിൽ സ്ഥിരപ്പെടുത്തി ഉത്തരവായി. കിർത്താഡ്സ് ഡയറക്ടറേറ്റിൽ ആണു നിയമനം നൽകിയത്. കഴിഞ്ഞ 25ന് ഉച്ചയ്ക്കു ശേഷം അനൂപിനെ കലക്ടറേറ്റിൽ നിന്നു വിടുതൽ ചെയ്തു. 26നു രാവിലെ കിർത്താഡ്സ് ഡയറക്ടറേറ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനുള്ള രേഖകളുമായി എത്തിയപ്പോഴാണു ദുരനുഭവങ്ങളുടെ തുടക്കം.
അംഗപരിമിതനായ അനൂപിനെ ഓഫിസിലെ ചിലർ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. 6 ഏക്കർ ഭൂമിയിൽ വാച്ച്മാൻ പണിയും 5 കെട്ടിടങ്ങളിൽ അടിച്ചു വൃത്തിയാക്കുന്ന ജോലിയും തുടർച്ചയായി 3 ദിവസം രാവും പകലും ചെയ്യണമെന്നു ഓഫിസിൽ നിന്നു പറഞ്ഞു. തുടർന്നു ജോലി ചെയ്യാൻ സാധ്യമല്ലെന്ന് എഴുതി വാങ്ങി.
പിന്നീട് അനൂപ് കലക്ടറേറ്റിൽ എത്തി കാര്യങ്ങൾ പറഞ്ഞു. തനിക്കു ജോലി ചെയ്യാൻ പ്രയാസമില്ലെന്നും ജോലിയിൽ പ്രവേശിപ്പിക്കണമെന്നും അനൂപ് പറഞ്ഞു. അനൂപിനെ നിയമിക്കാൻ എഡിഎം വീണ്ടും കിർത്താഡ്സ് ഡയറക്ടറേറ്റിനു നിർദേശം നൽകി. അതു പ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ കിർത്താഡ്സ് ഓഫിസിലെത്തിയ അനൂപിനെ വൈകിട്ട് 4.30 വരെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഓഫിസിനു പുറത്തു വരാന്തയിൽ നിർത്തി. ഭക്ഷണം പോലും കഴിക്കാതെയാണ് അനൂപും ഒപ്പം വന്ന 2 പേരും വരാന്തയിൽ നിന്നത്.
വൈകിട്ട് വിവരം അറിഞ്ഞു ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.അബ്ദുൽ ജലീൽ, കെ.ഷിജു എന്നിവർ സ്ഥലത്തെത്തി. അവർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സൂപ്രണ്ട് തുടങ്ങിയവരുമായി ചർച്ച നടത്തി. അവസാനം നാലരയോടെ അനൂപിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ തയാറായി.