47 അടി നീളം, 5 ദിവസത്തെ പഴക്കം, കോഴിക്കോട് സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്റെ ജഡം; കാഴ്ച കാണാൻ ജനക്കൂട്ടം
Mail This Article
കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. വിവരം അറിഞ്ഞു ഒട്ടേറെ പേർ തിമിംഗലത്തെ കാണാനെത്തി. 47 അടി നീളമുണ്ട്. കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. എസ്.ശ്രീഷ്മ, മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ എന്നിവർ ചേർന്ന് ജഡം പരിശോധിച്ച് ആന്തരാവയവങ്ങളുടെ സാംപിൾ എടുത്ത് സിഎംഎഫ്ആർഐയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ജഡത്തിനു 5 ദിവസത്തെ പഴക്കം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു. കടലിലെ കാലാവസ്ഥ വ്യതിയാനം മൂലമോ കപ്പലിടിച്ചോ മരണം സംഭവിക്കാം. പുറത്തു കാണത്തക്ക പരുക്കുകളില്ല. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഇൻചാർജ് കെ.പ്രമോദ്, ഹെൽത്ത് സൂപ്പർവൈസർ ബെന്നി മാത്യു, സീനിയർ പബ്ലിക് എച്ച്ഐ ബിജു ജയറാം, ജെഎച്ച്ഐമാരായ പി.എസ്.ഡെയ്സൺ, സുബ്ബറാം, വിനോദ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ജഡം മറവുചെയ്തു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.