ADVERTISEMENT

കോഴിക്കോട്∙ ഹോട്ടലിൽ മുറിയെടുത്ത തമിഴ്നാട് സ്വദേശിയായ ഡോക്ടറെ ആക്രമിച്ച് പണം കവർന്ന സംഘം അറസ്റ്റിൽ. കുന്നമംഗലം സ്വദേശി നടുക്കണ്ടി ഗൗരിശങ്കരം വീട്ടിൽ സിജിൻദാസ് (27), നരിക്കുനി പണിക്കോട്ടുമ്മൽ കല്ലാണിമാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് അനസ് (27), പാറോപ്പടി മാണിക്യത്താഴത്ത് കൃഷ്ണയിൽ അനുകൃഷ്ണ (24) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോഴിക്കോട്ട് സെമിനാറിൽ പങ്കെടുക്കാൻ എത്തിയ ഡോക്ടർ റെയിൽവേ സ്റ്റേഷൻ സമീപത്തെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തു. ഞായറാഴ്ച രാത്രി 11ന് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ പ്രതി സിജിൻദാസ് ഡോക്ടറെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി. തുടർന്നു പുലർച്ചെ 2 മണിയോടെ ഇയാളും മുഹമ്മദ് അനസും അനുകൃഷ്ണയും ടൂറിസ്റ്റ് ഹോമിൽ എത്തി.

എന്നാൽ, യുവതിയെ ഹോട്ടൽ ഉടമ അകത്തേക്ക് കയറ്റിയില്ല. മറ്റു 2 പേർ ഡോക്ടറുടെ സുഹൃത്തുക്കൾ എന്ന പേരിൽ അകത്തു കടന്നു. ഡോക്ടറെ ഫോണിൽ വിളിച്ചു. മുറി തുറന്ന ഉടനെ ഇരുവരും അകത്തു കയറി വാതിൽ അടച്ചു. ബാഗിൽ സൂക്ഷിച്ച വടിവാൾ കഴുത്തിൽ വച്ച് പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ മർദിക്കുകയായിരുന്നു. തുടർന്നു യുവതിയുടെ അക്കൗണ്ടിലേക്ക് 2,500 രൂപ അയപ്പിച്ചു.

ഡോക്ടറുടെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.  മുഹമ്മദ് അനസും അനുകൃഷ്ണയും ഒപ്പം താമസിക്കുന്നവരാണെന്നു പൊലീസ് പറഞ്ഞു. പ്രതികൾ നേരത്തെയും ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുണ്ടെന്നും വിവിധ സ്റ്റേഷനുകളിൽ കേസ് ഉണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com