ADVERTISEMENT

കോഴിക്കോട്∙ 2 വർഷത്തിനകം നഗരത്തിന്റെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് വീണ്ടും ഈ സ്നേഹ നഗരത്തിലേക്ക് എത്തുന്നതെന്ന് ഇന്നു ചുമതലയേൽക്കുന്ന നിയുക്ത കലക്ടർ സ്നേഹിൽകുമാർ സിങ് (30). കോഴിക്കോട് പരിഹാരം തേടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യനിർമാർജനം. സബ് കലക്ടറായി ഈ നഗരത്തിൽ ചുമതല വഹിച്ച കാലത്ത് അതു ബോധ്യപ്പെട്ടതാണ്.കോഴിക്കോട്ടുകാരുടെ സഹകരണം ഉറപ്പായാൽ അതു സാധിക്കും. നമ്മുടെ ലക്ഷ്യം നല്ലതാണെങ്കിൽ എല്ലാ പിന്തുണയും നൽകുന്നവരാണ് കോഴിക്കോട്ടുകാർ. കോഴിക്കോട്ട് വിജയിച്ചാൽ അതു കേരളത്തിനുതന്നെ മൊത്തം മാതൃകയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സർക്കാർ ഓഫിസുകളിൽ സഹായം തേടിയെത്തുന്നവർക്ക് ലളിതവും ഇടനിലക്കാരില്ലാത്തതുമായ സേവനം ഉറപ്പാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിലായാലും മറ്റു സർക്കാർ ഓഫിസുകളിലായാലും അത് ഉറപ്പാക്കണം. ഐടി മിഷൻ ഡയറക്ടറായ കാലത്ത് ഇതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെട്ടതാണ്. മൂന്നാമത്തെ ലക്ഷ്യം കോഴിക്കോടിന്റെ വിനോദസഞ്ചാര സാധ്യത ദേശീയവും രാജ്യാന്തരവുമായ തലത്തിലേക്ക് ഉയർത്തുകയാണ്. വലിയ വിനോദസഞ്ചാര സാധ്യതയാണ് കോഴിക്കോടിനുള്ളത്. അതു പ്രയോജനപ്പെടുത്തണം. അതിനു യോജിച്ച വഴികൾ കണ്ടെത്തുകയാണ് പ്രധാനം. 

2016 ഐഎഎസ് ബാച്ചുകാരനാണ് സ്നേഹിൽകുമാർ. അതേ വർഷം ആദ്യം ഔദ്യോഗിക ചുമതലയേറ്റ് അസിസ്റ്റന്റ് കലക്ടറായി കോഴിക്കോട്ടാണ് എത്തിയതും. 2017ൽ എറണാകുളം സബ് കലക്ടറായി. 2020–21ൽ കണ്ണൂർ സബ് കലക്ടറായി പ്രവർത്തിച്ചു. 2021ൽ ഐടി മിഷൻ ഡയറക്ടറായി. ഒന്നര വർഷത്തിനുശേഷം ചീഫ് സെക്രട്ടറിയുടെ കീഴിലായിരുന്നു. തുടർന്നാണ് കോഴിക്കോട് കലക്ടറായി എത്തുന്നത്.

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ സ്നേഹിൽകുമാർ സിങ് റിട്ട. എൻജിനീയർ പ്രവീന്ദ്രകുമാറിന്റെയും വീട്ടമ്മയായ വന്ദനയുടെയും മൂത്ത മകനാണ്. ഭാര്യ അസ്മിതയ്ക്കും 8 മാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് അദ്ദേഹം ഇന്നു കോഴിക്കോട്ട് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com