ADVERTISEMENT

വടകര∙ ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയവർക്ക് തിരിച്ചടി. പുതിയ പാതയിൽ നിന്ന് വീടുകളിലേക്കോ കച്ചവട സ്ഥാപനങ്ങളിലേക്കോ വഴി ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. ദേശീയപാതയിൽ നിന്ന് വഴി  വേണമെങ്കിൽ നിലവിലുള്ള വീട്ടുകാർ 2.80 ലക്ഷം രൂപ അതോറിറ്റിക്ക് നൽകണം. പുതിയ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും വഴി ലഭിക്കണമെങ്കിൽ ഇതിന്റെ 3 ഇരട്ടി തുക അടയ്ക്കണം എന്നാണ് നിർദേശം. പുതിയ വീടിന്റെ സ്ക്വയർ ഫീറ്റ് കണക്കാക്കി ദേശീയപാത അതോറിറ്റി നിർദേശിക്കുന്ന തുക വേണം നൽകാൻ. ഇല്ലെങ്കിൽ വഴി ലഭിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. 

ദേശീയപാത വികസനത്തിനായി സ്ഥലം വീട്ടു നൽകിയവർ ആയിരക്കണക്കിന് വരും. ഇവരിൽ നൂറു കണക്കിന് ആളുകൾക്ക് വീടുകളിലേക്കുള്ള വഴിയാണ് ഇല്ലാതാവുന്നത്. 

ദേശീയപാത അതോറിറ്റിയുടെ സൈറ്റിലാണ് ഇതുസംബന്ധിച്ച് ഉത്തരവു വന്നത്. ഇക്കാര്യം അധികം ആരും അറിഞ്ഞിട്ടില്ല. എന്നാൽ പുതിയ കെട്ടിടം നിർമിക്കുന്നവർക്ക് റോഡിലേക്കു വഴി നൽകുന്നതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളെ അതോറിറ്റി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

പുതിയ വീട് പണിയുമ്പോഴും പുതിയ കെട്ടിടം നിർമിക്കുമ്പോഴും അപേക്ഷ നൽകുമ്പോൾ വഴി ലഭിക്കണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ പെർമിഷൻ ആവശ്യപ്പെടാനുള്ള സാധ്യതയാണ് ഉള്ളത്. 

ആറു വരി പാതയിൽ സർവീസ് റോഡിലേക്ക് മാത്രമാണ് പ്രവേശനം. സർവീസ് റോഡിലെ അഴുക്കുചാലും അതിന്റെ സ്ലാബും ഉയർന്നാണ് കിടക്കുന്നത്. റോഡിൽ നിന്ന് വീടുകളിലേക്ക് വാഹനം ഇതുവരെ ഇറക്കിയവർ ഇനി അതിനു കഴിയാത്ത സ്ഥിതിയാവും. 

ഇത്തരമൊരു അനുഭവം അഴിയൂർ ഭാഗത്ത് നേരത്തെ ഉണ്ടായിട്ടുണ്ട്. അന്ന് ജനപ്രതിനിധികളും അധികാരികളും ഇടപെട്ട് സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. ഇനി അത് ഉണ്ടാവില്ല. 

ഭൂമി ഏറ്റെടുത്തപ്പോൾ ബന്ധപ്പെട്ടവർ നൽകിയ ഉറപ്പിന്റെ ലംഘനമാണിത് എന്ന് ദേശീയപാത കർമസമിതി ജില്ലാ കൺവീനർ എ.ടി.മഹേഷ് പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഈ നടപടി മൂലം കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കുന്നതിനും പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ഇടുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാത്ത സ്ഥിതി ഉണ്ടാകും. ജനപ്രതിനിധികളും സർക്കാരും പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം.

ദേശീയപാത നിർമാണത്തിന് ചെലവാകുന്ന തുക സാധാരണക്കാരിൽ നിന്നു തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ എന്നു കർമസമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. ദേശീയപാതയ്ക്കായി സ്ഥലം നൽകിയ വീട്ടുകാർ, കച്ചവടക്കാർ എന്നിവർക്ക് അനുകൂലമായ നടപടി ഉണ്ടാവണം. ശക്തമായ സമരത്തിന്റെ ഭാഗമായാണ് നഷ്ടപരിഹാരം പോലും ലഭിച്ചത്. പാതമൂലം രണ്ടായി മുറിയുന്നതിന് പരിഹാരമായി അടിപ്പാത അനുവദിക്കാനും സമരം നടക്കുകയുണ്ടായി. വീണ്ടും ഇതേ രീതിയിൽ സമരം ശക്തമാക്കേണ്ട സാഹചര്യമാണ് ഉള്ളത് എന്നാണ് വഴി നഷ്ടപ്പെടുന്നവർ പറയുന്നത്. 

വെങ്ങളം അഴിയൂർ റീച്ചിൽ ദേശീയപാതയുടെ പ്രവൃത്തി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. കുണ്ടും കുഴിയുമായി തീർന്ന റോഡിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾക്ക് ഓടാൻ കഴിയാത്ത സാഹചര്യത്തിൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസുകൾ. നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന കാസർകോട് ഭാഗത്ത് പരാതി അറിയിക്കാൻ ഉള്ള നമ്പറുകൾ ഉൾപ്പെടെ ഓരോ ഭാഗത്തായി പ്രദർശിപ്പിച്ചതു പോലെ ഇവിടെയും വേണമെന്നാണ് ആവശ്യം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അധികാരികളെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ട്.

ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രദീപ് ചോമ്പാല, കെ.കുഞ്ഞിരാമൻ, പി.ബാബുരാജ്, പി.കെ.കുഞ്ഞിരാമൻ, അബു തിക്കോടി, രാമചന്ദ്രൻ പൂക്കാട്, പി.സുരേഷ്, ശ്രീധരൻ മൂരാട്,  കെ.പി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

English Summary:

Thousands of Landowners Left Homeless as National Highway Expansion Raises Access Costs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com