ADVERTISEMENT

ഫറോക്ക് ∙ ടൂറിസം മേഖലയിലേക്ക് സഞ്ചാരികൾ കടന്നു വരുന്നതിനുള്ള പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ജല സാഹസിക കായിക വിനോദങ്ങൾ വികസിപ്പിക്കുമെന്നും ചാംപ്യൻസ് ബോട്ട് ലീഗ് മലബാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ചാലിയാർ സിബിഎൽ വള്ളംകളി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ പാരിസ് മാതൃകയിൽ ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കും. പൊതുജനങ്ങൾക്ക് സന്ധ്യാസമയം ചെലവഴിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ബ്രിട്ടിഷ് നിർമിത ഇരുമ്പു പാലം മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് ∙ വീറും വാശിയുമുള്ള തുഴച്ചിലുകാരെ പോലെ തന്നെയായിരുന്നു ചാലിയാറിലെ വള്ളംകളി കാണാനെത്തിയവരുടെ ആവേശവും. കൈമെയ് മറന്നു തുഴച്ചിലുകാർ ആവേശത്തോടെ വള്ളം തുഴഞ്ഞപ്പോൾ നദിയിലെ ഓളങ്ങളെ പ്രകമ്പനം കൊള്ളിച്ചായിരുന്നു കരയിലെ ആർപ്പുവിളികൾ.

ഓരോ ഹീറ്റ്സിലും ഫൈനലിലും കമന്ററി ബോക്സിൽ നിന്നു ചമ്പക്കുളം ജോളി എതിരേറ്റും അജു ജോൺ തോമസും തത്സമയ വിവരണം നൽകി കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. 

ഓളപ്പരപ്പിൽ ആവേശം വിതറിയ വടക്കൻ ചുരുളൻ വള്ളങ്ങളുടെ മത്സരം കാണാൻ പഴയ പാലത്തിലും നദിയുടെ ഇരുകരകളിലും അനേകം ആളുകളാണ് തടിച്ചുകൂടിയത്. നദിയിൽ തുഴച്ചിലുകാർ പരിശീലനം തുടങ്ങിയപ്പോൾ തീരത്ത് ജനം തിങ്ങി നിറഞ്ഞു. തെക്കൻ കേരളത്തിന്റെ ആവേശമായ വള്ളംകളിക്ക് മലബാറിലും ജനപിന്തുണ ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു അയൽ ജില്ലകളിൽ നിന്നു പോലും എത്തിയ കാണികൾ. ജലോത്സവം കാണാൻ ചാലിയാറിന്റെ കരയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ജനത്തിരക്ക് മുന്നിൽ കണ്ട് ഉച്ചയ്ക്ക് ശേഷം പൊലീസ് പഴയ പാലത്തിൽ ഗതാഗതം നിയന്ത്രിച്ചു. ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിശമന സേന, സിവിൽ ഡിഫൻസ് വൊളന്റിയർമാർ, തീരദേശ പൊലീസ്, തീരസംരക്ഷണ സേന, കോസ്റ്റൽ വാർഡന്മാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com