ADVERTISEMENT

കോഴിക്കോട്∙ കോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ചു സിപിഎം നേതാവ് വായ്പത്തട്ടിപ്പു നടത്തിയെന്നു സിപിഎമ്മിനു പരാതി നൽകിയ സംഭവത്തിൽ പരാതിക്കാരൻ അടക്കം 2 പേർക്കു സസ്പെൻഷൻ. സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കൽ സെക്രട്ടറിയുമായ ഒ.എം.ഭരദ്വാജിനെതിരെ പാർട്ടിക്കു പരാതി നൽകിയവരെയാണ് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തെ തുടർന്നു സസ്പെൻഡ് ചെയ്തത്. ഭരദ്വാജിനെതിരെ പാർട്ടി അംഗം സിപിഎം സംസ്ഥാന സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. 

കോടതിയിൽ കെട്ടിവച്ച ഭൂമി മറ്റൊരു സഹകരണ സംഘത്തിൽ പണയം വച്ചു വായ്പയെടുത്ത് സംഘത്തെ വഞ്ചിച്ചെന്നായിരുന്നു പരാതി.  എന്നാൽ തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നു ചൂണ്ടിക്കാട്ടി ഭരദ്വാജും സിപിഎം ജില്ലാ കമ്മിറ്റിക്കു പരാതി നൽകി. ഭൂമി കോടതിയിൽ കെട്ടിവയ്ക്കുന്നതിനു മുൻപേയാണു സഹകരണ സംഘത്തിൽ നിന്നു വായ്പ എടുത്തത്. ബോധപൂർവം തട്ടിപ്പു നടത്തിയിട്ടില്ലെന്നും ഭരദ്വാജ് വിശദീകരണം നൽകി. ഭരദ്വാജിന്റെ വിശദീകരണം ശരിയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തൽ. തുടർന്നാണ്  പരാതിക്കാരൻ അടക്കമുള്ളവരെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. 

എന്നാൽ ഇത്തരത്തിൽ ഭരദ്വാജിനെതിരെയോ ഭരദ്വാജോ പാർട്ടിക്ക് ഒരു പരാതിയും നൽകിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കി. വായ്പ കുടിശ്ശികയെ വായ്പത്തട്ടിപ്പ് എന്നു പറയുന്നതു സിപിഎമ്മിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും പി.മോഹനൻ പറഞ്ഞു.

ഭരദ്വാജ് കുടിശിക പാതി അടച്ചെന്നും ബാക്കി കുടിശിക അടയ്ക്കാൻ തയാറാണെന്നും അറിയിച്ചതായി വായ്പ നൽകിയ എരഞ്ഞിപ്പാലം ജനത വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. തുക തിരിച്ചടയ്ക്കുന്നതോടെ നിയമ നടപടികൾ പിൻവലിക്കുമെന്നും സഹകരണ സംഘം ഭാരവാഹികൾ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com