ലോക്കപ്പ് പോലും ഇല്ലാത്ത പൊലീസ് സ്റ്റേഷനോ? തൊണ്ടിമുതൽ സൂക്ഷിക്കാനും ഇടമില്ല
Mail This Article
ബേപ്പൂർ ∙ പരാധീനതകൾക്കിടയിൽ കഴിയുകയാണ് ബേപ്പൂർ സ്റ്റേഷനിലെ പൊലീസുകാർ. ബസ് സ്റ്റാൻഡിനു സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിലെ അസൗകര്യങ്ങൾ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. പ്രതികളെ പിടികൂടിയാൽ പാർപ്പിക്കാൻ ലോക്കപ്പ് സൗകര്യം ഇല്ലെന്നു മാത്രമല്ല തൊണ്ടിമുതൽ സൂക്ഷിക്കാനും ഇടമില്ല. പൊലീസുകാർക്ക് സൗകര്യപ്രദമായ വിശ്രമ മുറിയില്ല എന്നതാണു മറ്റൊരു പോരായ്മ. കുടുസ്സുമുറിയിലാണു ജോലിക്കു ശേഷം പൊലീസുകാരുടെ വിശ്രമം. വനിതാ പൊലീസുകാരുടെ സ്ഥിതിയും കഷ്ടമാണ്. ഡ്രസിങ് മുറിയില്ലെന്ന് മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾക്കു പോലും പരിമിത സൗകര്യമാണുള്ളത്. പരേഡ് ഗ്രൗണ്ട് ഇല്ലാത്തതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ തുറമുഖ വാർഫിലാണ് പരേഡ്.
പ്രവർത്തനം തുടങ്ങിയിട്ട് 33 വർഷം
∙ വർഗീയ സംഘർഷമുണ്ടായതിനെ തുടർന്ന് 1990ൽ ആണ് ബേപ്പൂരിൽ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. 8 വർഷം സ്വകാര്യ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്റ്റേഷൻ 1998ൽ തുറമുഖ വകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറി. തുറമുഖ കെട്ടിടം അപകട നിലയിലായതോടെ രണ്ടു വർഷം മുൻപാണ് നിലവിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിൽ എഗ്രിമെന്റ് കാലാവധി കഴിഞ്ഞതോടെ നിലവിലെ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട് ഉടമ കത്ത് നൽകി. 2003ൽ ആരംഭിച്ച മാറാട് സ്റ്റേഷനു പോലും സ്വന്തം കെട്ടിടമായെങ്കിലും ബേപ്പൂരിന് ആഭ്യന്തര വകുപ്പിന്റെ അവഗണനയാണ്. എസ്ഐമാർ ഉൾപ്പെടെ 38 പൊലീസുകാർ ജോലി ചെയ്യുന്നതിൽ 5 പേർ വനിതകളാണ്.
ലോക്കപ്പ് ഇല്ല
∙ വിവിധ കേസുകളിൽ പിടികൂടുന്ന പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പ് ഇല്ലാത്തതാണ് പൊലീസുകാർ നേരിടുന്ന വെല്ലുവിളി. പ്രതികളെ പിടികൂടിയാൽ പിന്നെ പൊലീസുകാർക്ക് പരക്കംപാച്ചിലാണ്. പകൽ സ്റ്റേഷനിൽ നിർത്തും. രാത്രി താൽക്കാലികമായി മാറാട് സ്റ്റേഷനിലാണ് പ്രതികളെ പാർപ്പിക്കുക. തൊണ്ടിമുതൽ സൂക്ഷിക്കാനും സൗകര്യമില്ല. സ്റ്റേഷൻ മുറ്റത്തും തുറമുഖ റോഡ് അരികിലുമാണ് തൊണ്ടി മുതലുകൾ സൂക്ഷിക്കുന്നത്. ഇതു സുരക്ഷിതമല്ല. കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ തൊണ്ടിമുതൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.
സ്റ്റേഷൻ കെട്ടിട നിർമാണം സ്തംഭിച്ചു
∙ മൂന്നു പതിറ്റാണ്ടു മുൻപ് പ്രവർത്തനം ആരംഭിച്ച ബേപ്പൂർ പൊലീസ് സ്റ്റേഷനു സ്വന്തം കെട്ടിടം എന്ന സ്വപ്നം ഇനിയുമകലെ. 4 മാസം കൊണ്ടു പൂർത്തീകരിക്കുന്നതിനു ലക്ഷ്യമിട്ടു 3 വർഷം മുൻപു തുടങ്ങിയ നിർമാണം നിലച്ചിട്ട് ഒരു വർഷമായി. സ്റ്റേഷൻ കെട്ടിടത്തിന് ഒരുക്കിയ ഇരുമ്പ് തൂണുകൾ തുരുമ്പെടുത്തു. സിൽക് വളപ്പിൽ തുറമുഖ വകുപ്പ് കൈമാറിയ 22 സെന്റിലാണു പൊലീസ് സ്റ്റേഷനു ആധുനിക രൂപകൽപനയിൽ 3 നില കെട്ടിടം വിഭാവനം ചെയ്തത്. 1.07 കോടിയുടെ എസ്റ്റിമേറ്റിൽ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ വാപ്കോസ് ആണു കരാർ ഏറ്റെടുത്തത്.
2020 ഫെബ്രുവരിയിൽ നിർമാണം തുടങ്ങി. തറയുടെ പണികൾ പൂർത്തിയാക്കി ആദ്യഘട്ട തുക അനുവദിക്കാൻ വാപ്കോസ് ബിൽ സമർപ്പിച്ചപ്പോൾ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ഫണ്ട് നൽകിയില്ല. ചെയ്തു തീർത്ത പ്രവൃത്തിയുടെ തുക ലഭിക്കാതെ വന്നപ്പോൾ 2020 ഏപ്രിലിൽ വാപ്കോസ് നിർമാണം നിർത്തിവച്ചു. പിന്നീട് പണി പൂർത്തീകരണത്തിനു പുതുക്കി സമർപ്പിച്ച എസ്റ്റിമേറ്റിൽ 1.94 കോടി രൂപ കൂടി അനുവദിച്ചതോടെ 2022 ഫെബ്രുവരിയിൽ പണി പുനരാരംഭിച്ചിരുന്നു. എന്നാൽ പഴയ എസ്റ്റിമേറ്റ് നിരക്കിൽ നിർമാണം മുൻപോട്ടു പോകാനാകില്ലെന്നു ചൂണ്ടിക്കാട്ടി കരാർ ഏജൻസി വീണ്ടും പണി നിർത്തിവച്ചു.
എസ്റ്റിമേറ്റ് പുതുക്കി നൽകണമെന്ന ഏജൻസിയുടെ ആവശ്യം നിരാകരിച്ച ആഭ്യന്തര വകുപ്പ് പണി പൊലീസ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചു സൊസൈറ്റിക്കു കത്ത് നൽകിയെങ്കിലും അവർ പ്രവൃത്തി ഏറ്റെടുത്തിട്ടില്ല. സർക്കാർ തലത്തിൽ തീരുമാനം നീളുന്നതാണ് സ്റ്റേഷൻ പ്രവൃത്തി പുനരാരംഭിക്കാൻ നിലവിലെ തടസ്സം.
മന്ത്രിയുടെ മണ്ഡലത്തിലെ സ്റ്റേഷൻ നിർമാണത്തിലെ കുരുക്കഴിക്കാൻ നടപടി നീളുന്നതു നാട്ടുകാർക്കും പൊലീസുകാർക്കും ഇടയിൽ ചർച്ചയായിട്ടുണ്ട്.