ADVERTISEMENT

ചക്കിട്ടപാറ ∙ 2 ഒളിംപ്യൻമാരെയും ഒട്ടേറെ ദേശീയ കായിക താരങ്ങളെയും സംഭാവന ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിൽ രാജ്യാന്തര സ്റ്റേഡിയം, സ്പോർട്സ് കോംപ്ലക്സ് നിർമാണ നടപടികൾ ഇഴയുന്നു. 2018 ജൂൺ 21ന് കായിക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചെങ്കിലും തുടർനടപടിയിലെ കാലതാമസമാണ് വിനയായത്. സ്പോർട്സ് കോംപ്ലക്സിനു കിഫ്ബിയിൽ 60 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഭൂമി ലഭ്യമാകാത്തതിനാൽ പദ്ധതി ഡിപിആർ കിഫ്ബി ബോർഡ് അംഗീകരിച്ചില്ല. തുടർന്ന് കോവിഡ്, മന്ത്രിസഭാ മാറ്റം ഉൾപ്പെടെയുള്ളവ കാരണം പദ്ധതി താളംതെറ്റാൻ കാരണമായി.

ചക്കിട്ടപാറ സ്പോർട്സ് കോംപ്ലക്സിനു വിട്ടു നൽകാമെന്നു വർഷങ്ങൾക്ക് മുൻപ് സമ്മതപത്രം നൽകിയ സ്വകാര്യഭൂമി കാടുമൂടിയ നിലയിൽ.
ചക്കിട്ടപാറ സ്പോർട്സ് കോംപ്ലക്സിനു വിട്ടു നൽകാമെന്നു വർഷങ്ങൾക്ക് മുൻപ് സമ്മതപത്രം നൽകിയ സ്വകാര്യഭൂമി കാടുമൂടിയ നിലയിൽ.

ഭൂമി ഏറ്റെടുക്കാൻ ഫണ്ടില്ല

സ്പോർട്സ് കോംപ്ലക്സിനു ഭൂമി ഏറ്റെടുക്കാൻ ഫണ്ട് ലഭിക്കാത്തതാണ് പദ്ധതി വൈകാൻ ഇടയാക്കിയത്. 6.13 ഏക്കർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2019ലെ മാർക്കറ്റ് നിരക്ക് പ്രകാരം 6 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിക്കണം. സ്വകാര്യ ഭൂമി ലഭ്യമാക്കാനും സർവേ നടപടികൾ പൂർത്തിയാക്കാനും ചക്കിട്ടപാറ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിരുന്നു. സ്വകാര്യ ഭൂമി സർവേ ചെയ്ത് റവന്യു ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. ഭൂവുടമകൾ ഭൂമി വിട്ടുനൽകാൻ സമ്മതപത്രവും കൈമാറി. സ്റ്റേഡിയം വികസനത്തിനു ജലസേചന വകുപ്പിന്റെ 3.66 ഏക്കർ ഭൂമി കായിക വകുപ്പിനു കൈമാറാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.

രാജ്യാന്തര നിലവാരത്തിൽ ചക്കിട്ടപാറയിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാനാണ് ഡിപിആർ തയാറാക്കിയിരുന്നത്. സിന്തറ്റിക് ട്രാക്ക്, നീന്തൽക്കുളം, സ്പോർട്സ് ഹോസ്റ്റൽ, ഹെൽത്ത് സെന്റർ ഉൾപ്പെടെ വിശദമായ പ്രോജക്ടിൽ ഉൾപ്പെട്ടിരുന്നു.5 വർഷം മുൻപ് സർക്കാർ പ്രഖ്യാപിച്ച സ്പോർട്സ് കോംപ്ലക്സ് യാഥാർഥ്യമാകണമെങ്കിൽ സ്റ്റേഡിയത്തിനു ഭൂമി ഏറ്റെടുക്കാൻ ഫണ്ട് ലഭ്യമാക്കണം. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഭൂമി വാങ്ങുന്നതിനു ഫണ്ട് അനുവദിച്ചാൽ പദ്ധതിക്ക് പുതുജീവൻ വയ്ക്കുമെന്നു കായിക പ്രേമികൾ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മന്ത്രിസഭയിൽ സംസ്ഥാനത്ത് കിഫ്ബി മുഖേന ഫണ്ട് വകയിരുത്തി 1,700 കളിസ്ഥലങ്ങൾ നവീകരിക്കാനാണു ലക്ഷ്യമിട്ടത്. ഇതിൽ ആയിരത്തോളം കളിസ്ഥലങ്ങളുടെ പ്രവൃത്തി നടന്നെങ്കിലും 700 എണ്ണം പൂർത്തീകരിക്കാൻ ഉണ്ട്. അതിനാൽ സ്പോർട്സ് കോംപ്ലക്സിന് ഇനിയും സാധ്യത ഉയരുന്നുണ്ട്. ഈ മാസാവസാനം സ്പോർട്സ് കോംപ്ലക്സിനു ഫണ്ട് ലഭ്യമാക്കാൻ പി.ടി.ഉഷ എംപിയെ ഡൽഹിയിൽ സന്ദർശിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. 2018ൽ മന്ത്രി ആയിരുന്ന ടി.പി.രാമകൃഷ്ണൻ എംഎൽഎയുടെ സ്വപ്ന പദ്ധതി ആയിരുന്ന സ്പോർട്സ് കോംപ്ലക്സ് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്ന നവകേരള സദസ്സിൽ ചർച്ചയാകുമെന്നാണു പ്രതീക്ഷ.

കായികാവേശത്തെ ജീവിതത്തോടു ചേർത്തു പിടിച്ചവരാണ് ഈ മലയോര ഗ്രാമം. ഷൈനി വർഗീസ് മുതൽ ജിൻസൺ ജോൺസൺ വരെയുള്ളവർ ഈ ഗ്രാമത്തിന്റെ സംഭാവനയാണ്. ചക്കിട്ടപാറയിൽ ആധുനിക സ്റ്റേഡിയം ഏറെ കാലത്തെ ആവശ്യമാണ്. ഇത് നിറവേറ്റപ്പെടുക തന്നെ വേണം.
എൻ.പി.ബാബുപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ചക്കിട്ടപാറ പഞ്ചായത്തിൽ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച് നവീകരിക്കാനുള്ള കളിസ്ഥലങ്ങളുടെ പട്ടികയിൽ ചക്കിട്ടപാറയെ ഉൾപ്പെടുത്താൻ നടപടിയെടുക്കണം. എംപി, എംഎൽഎമാർ ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെടണം. മലയോരത്തെ കായിക പ്രേമികളും ജനങ്ങളും സ്പോർട്സ് കോംപ്ലക്സ് യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ്.
കെ.എം.പീറ്റർ കരിമ്പനക്കുഴി കായിക പരിശീലകൻ, ചക്കിട്ടപാറ

കോഴിക്കോടിന്റെ മലയോര മേഖലയിൽ നിന്നു കായികപ്രതിഭകളെ സൃഷ്ടിച്ച കുളത്തുവയൽ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന വിധം ചക്കിട്ടപാറയിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കണം. ഒളിംപ്യൻ ജിൻസൺ ജോൺസൺ, നിർമൽ ടോം, നയന ജയിംസ് തുടങ്ങിയ പ്രഗത്ഭ താരങ്ങളെ രൂപപ്പെടുത്തിയ ഈ മൈതാനം വികസിപ്പിക്കുന്നത് കായിക രംഗത്ത് കുതിപ്പിനു കാരണമാകും.
ബോബി ഓസ്റ്റിൻ കാപ്പുകാട്ടിൽ,ചക്കിട്ടപാറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com