ഫറോക്ക് റെയിൽവേ മേൽപാലം 14ന് നാടിന് സമർപ്പിക്കും
Mail This Article
ഫറോക്ക് ∙ പുറ്റെക്കാട് ഇളയിടത്ത് കുന്നിൽ നിർമിച്ച ഫറോക്ക് റെയിൽവേ മേൽപാലം 14ന് വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 20.10 കോടി രൂപ ചെലവിട്ടാണ് റെയിൽവേ മേൽപാലം നിർമിച്ചത്. കരുവൻതിരുത്തി മേഖലയിലുള്ളവർക്ക് വെസ്റ്റ് നല്ലൂർ വഴി ഫറോക്ക് ഐഒസി ഡിപ്പോയ്ക്ക് സമീപം എളുപ്പം എത്തിപ്പെടുന്ന വിധത്തിലാണ് പാലം. 36 മീറ്റർ നീളത്തിലും 10.3 മീറ്റർ വീതിയിലുമുള്ള മേൽപാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡും ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
ഐഒസി റോഡിലെ മണ്ണാർപ്പാടം മുതൽ പൂത്തോളം വരെ 628 മീറ്ററിലാണു അപ്രോച്ച് റോഡ് ഒരുക്കിയത്. മണ്ണാർപ്പാടം ഭാഗത്ത് 464 മീറ്ററും പൂത്തോളം ഭാഗത്തേക്കു 164 മീറ്ററുമാണ് റോഡ്. 15 മീറ്റർ വീതിയുള്ള പാതയിൽ 8.5 മീറ്ററിലാണു ടാറിങ്.റെയിൽവേ നേതൃത്വത്തിൽ റെയിലിനു കുറുകെയുള്ള മേൽപാലം 4 വർഷം മുൻപ് പൂർത്തീകരിച്ചിരുന്നു. സ്ഥലമെടുപ്പ് നടപടികൾ സാങ്കേതികത്വത്തിൽ കുരുങ്ങിയത് അപ്രോച്ച് റോഡ് വൈകാൻ ഇടയാക്കി. പിന്നീട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണു പ്രവൃത്തി പെട്ടെന്നു പൂർത്തീകരിച്ചത്.
ഇതോടൊപ്പം 6.5 കോടി രൂപ ചെലവിട്ടു ഐഒസി മുതൽ മുന്നിലാംപാടം വരെയും പൂത്തോളം മുതൽ മഠത്തിൽപാടം വരെയും റോഡ് ദേശീയപാത നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. മേൽപാലം ഉദ്ഘാടനം ചെയ്യുന്നതോടെ കരുവൻതിരുത്തി മേഖലയിൽ ഉള്ളവർക്ക് കൂടുതൽ യാത്രാ സൗകര്യവും മഴക്കാലത്തെ ഒറ്റപ്പെടലിൽ നിന്നു മോചനവുമാകും. മേൽപാലം എത്തിച്ചേരുന്ന പൂത്തോളം മുതൽ കരുവൻതിരുത്തി വരെ പുതിയ റോഡ് നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. റോഡിനു ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 2.99 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.