ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ പകർച്ചവ്യാധിക്ക് പ്ലാറ്റ്ഫോം ടിക്കറ്റ്; ശുചീകരണത്തിനു ഫണ്ട് അനുവദിക്കാത്തതു പ്രതിസന്ധി
Mail This Article
ഫറോക്ക് ∙ ഫണ്ട് അനുവദിക്കാത്തതിനാൽ ശുചീകരണ പ്രവർത്തനം താളം തെറ്റിയ ഫറോക്ക് റെയിൽവേ സ്റ്റേഷൻ വൃത്തിഹീനം. പ്ലാറ്റ്ഫോമുകളിലും പരിസരത്തും മാലിന്യം പരന്നതു യാത്രക്കാർക്കു ദുരിതമായി. സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ഇരിപ്പിടങ്ങളുടെ ചുറ്റും ചപ്പുചവറുകൾ കുമിഞ്ഞു. ചായക്കപ്പുകളും മറ്റും തള്ളുന്ന മാലിന്യക്കുട്ട നിറഞ്ഞു കവിഞ്ഞു ദുർഗന്ധം തുടങ്ങി. മാലിന്യം നിറഞ്ഞ പ്ലാറ്റ്ഫോമിലൂടെ നടന്നാണ് യാത്രക്കാർ ട്രെയിൻ കയറുന്നത്. പ്ലാറ്റ്ഫോമിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതു പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. സ്റ്റേഷനിലെ ജീവനക്കാർക്കുള്ള ശുചിമുറിയും വൃത്തിഹീനമായി.
സ്റ്റേഷനിൽ ശുചീകരണത്തിനും മറ്റുമായി അനുവദിച്ചിരുന്ന ഇംപ്രസ്റ്റ് ഫണ്ട് കഴിഞ്ഞ 4 മാസമായി നൽകിയിട്ടില്ല. സ്റ്റേഷനിൽ നിന്ന് അതതു മാസങ്ങളിൽ ബിൽ അയയ്ക്കുന്നുണ്ടെങ്കിലും തുക അനുവദിച്ചില്ല. വേതനം കിട്ടാതെ വന്ന ശുചീകരണത്തൊഴിലാളികൾ പണി നിർത്തി വച്ചതാണു പ്രതിസന്ധി. മാലിന്യ പ്രശ്നത്തെക്കുറിച്ചു യാത്രക്കാരുടെ സംഘടനകൾ തുടർച്ചയായി പരാതി നൽകിയിട്ടും റെയിൽവേ അവഗണിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിട്ട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ ഉയർത്താനുള്ള നിർമാണ പ്രവൃത്തികൾ നടക്കുന്ന ഫറോക്കിൽ ശുചീകരണത്തിനു ഫണ്ട് അനുവദിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.