ADVERTISEMENT

കോഴിക്കോട് ∙ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ പാളയത്തെ വ്യാപാരികളും തൊഴിലാളികളുടെ സംയുക്ത സമര സമിതിയും ഇന്നലെ നടത്തിയ പണിമുടക്ക് പൂർണം. പാളയം പച്ചക്കറി മാർക്കറ്റിലെയും എംഎം അലി റോഡിലെയും മുഴുവൻ കടകളും അടഞ്ഞു കിടന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറി മാർക്കറ്റിലേക്ക് പച്ചക്കറികളുമായി നിത്യേന വരാറുള്ള 12 ലോറികളിൽ ഇന്നലെ എത്തിയത് 2 എണ്ണം മാത്രം. മഹാരാഷ്ട്രിയിൽ നിന്ന് വലിയ ഉള്ളിയും ഉരുളക്കിഴങ്ങുമായി എത്തിയ ഈ 2 ലോറികളും പണിമുടക്ക് അവസാനിച്ച ശേഷം സന്ധ്യയോടെയാണു ചരക്ക് ഇറക്കിയത്. മറ്റു ലോഡുകൾ ഇന്നലെ അയക്കേണ്ടതില്ലെന്ന് വ്യാപാരികൾ അറിയിച്ചിരുന്നു.

കോഴിക്കോടിന്റെ പൈതൃകം നിലനിർത്തണമെന്നും പച്ചക്കറി മാർക്കറ്റും അനുബന്ധമായ പഴക്കടകൾ, പലചരക്ക് കടകൾ എന്നിവ ഉൾപ്പെടെ അഞ്ഞൂറോളം കടകളും ചുമട്ടുകാർ, അനുബന്ധ തൊഴിലിലേർപ്പെട്ടവർ എന്നിവരടക്കം 5000 കുടുംബങ്ങളുടെ പ്രശ്നമാണിതെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. പച്ചക്കറി മാർക്കറ്റും അനുബന്ധ സ്ഥാപനങ്ങളും പാളയത്തു നിലനിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമര സമിതി നേതാക്കളായ എ.ടി.അബ്ദു, എ.വി.മുസ്തഫ, പി.കെ.കൃഷ്ണദാസ്, എ.ടി.ജലീൽ, എം.മുഹമ്മദ് ബഷീർ എന്നിവർ സമരത്തിനു നേതൃത്വം നൽകി.

അതേസമയം, പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്കു മാറുന്നതിൽ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ആശങ്ക വേണ്ടെന്നും എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നും മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് എന്നിവർ പറഞ്ഞു. മാർക്കറ്റ് വൃത്തിയും സൗകര്യങ്ങളും ഉള്ള സ്ഥലത്തേക്കു മാറ്റുകയാണു ചെയ്യുന്നത്. വാടക നിരക്കും മറ്റും കോർപറേഷനാണു തീരുമാനിക്കുക. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മേയർ പറഞ്ഞു. അടുത്ത ദിവസം പാളയത്തെ കച്ചവടക്കാരും തൊഴിലാളികളുമായി ചർച്ച നടത്തുമെന്നു മേയർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com