യുനെസ്കോ സാഹിത്യ നഗര പദവി: കോർപറേഷൻ പരിധിയിലെ 500 അങ്കണവാടികളിൽ ലൈബ്രറി ഒരുക്കും
Mail This Article
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യ നഗര പദവി കോഴിക്കോടിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ പരിധിയിലെ 500 അങ്കണവാടികളിൽ ലൈബ്രറി ഒരുക്കുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സാഹിത്യത്തിലേക്കും വായനയിലേക്കും അടുപ്പിക്കുക എന്ന ലക്ഷ്യവുമായാണു നഗരത്തിലെ മുഴുവൻ അങ്കണവാടികളിലും സ്പോൺസർഷിപ്പിലൂടെ ലൈബ്രറി സ്ഥാപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി നൽകാമെന്നു ഡിസി ബുക്സ് സമ്മതിച്ചതായി മേയർ ബീന ഫിലിപ് പറഞ്ഞു. പുസ്തകങ്ങൾ വയ്ക്കാനാവശ്യമായ ഷെൽഫുകൾ കോർപറേഷൻ നൽകും. ഓരോ പ്രദേശത്തെയും അങ്കണവാടികളുമായി ആ പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളുമെല്ലാം ബന്ധപ്പെടുന്നുണ്ട്. ഇവരെ വായനയിലേക്കും സാഹിത്യത്തിലേക്കും അടുപ്പിക്കാനാണ് ഈ പദ്ധതി. വരുന്ന 4 വർഷത്തെ കോഴിക്കോടിന്റെ സാഹിത്യ പ്രവർത്തനങ്ങളെ യുനെസ്കോ വിലയിരുത്തുമ്പോൾ അങ്കണവാടികളിൽ സ്ഥാപിച്ച ലൈബ്രറികളും അതുവഴിയുണ്ടായ പുതിയ വായനക്കൂട്ടങ്ങളും കോഴിക്കോടിനു മുതൽക്കൂട്ടാവുമെന്നാണു കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ.