പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലവില പുനർനിർണയം ചെയ്യുന്നു
Mail This Article
പന്തീരാങ്കാവ്∙ പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുപ്പിന് നേരത്തേ നിശ്ചയിച്ച വില പുനർനിർണയം ചെയ്യുന്നു. പൊറ്റേക്കടവ് ചാലിയാർ നെല്ലിത്തൊടി കടവ് മുതൽ പെരുമണ്ണ, അമ്പിലോളി, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ കൂടത്തുംപാറ ദേശീയപാത ബൈപാസ് വരെയാണ് ജില്ലയിൽ ഏറ്റെടുക്കുന്ന സ്ഥലം.
ഇവിടെ പ്രഖ്യാപിച്ച ഭൂമി വില കൂടുതലായി എന്നതിനാലാണ് ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട് പുനഃപരിശോധിക്കാൻ തീരുമാനം. ജില്ലയിൽ 6.6 കിലോമീറ്റർ നീളമുള്ള പാതയ്ക്ക് 29.7659 ഹെക്ടർ ഭൂമിയും ഹരിത ദേശീയപാത പന്തീരാങ്കാവ് ദേശീയപാത ബൈപാസിൽ ചേരുന്ന പ്രദേശത്ത് 16.56 ഹെക്ടറും ഏറ്റെടുക്കുന്നതിനും ആണ് തുക അനുവദിച്ചിരുന്നത്. കലക്ടർ പുതിയ കമ്മിറ്റിയെ വില പുനർ നിർണയിക്കുന്നതിനു ചുമതലപ്പെടുത്തി.
സബ്കലക്ടർ, ഡപ്യൂട്ടി കലക്ടർ എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്. സൂക്ഷ്മ പരിശോധന നടത്തി വൈകാതെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ജില്ലയിലെ സ്ഥലമെടുപ്പ് നടത്തിയ ഒളവണ്ണ, പെരുമണ്ണ വില്ലേജുകളിൽ 630 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.
ദേശീയപാത 66 നിർമാണത്തിന് ഏറ്റെടുത്ത സ്ഥലത്തെ നഷ്ടപരിഹാര സംഖ്യയേക്കാൾ ഹരിതപാതയ്ക്ക് ഒന്നര ഇരട്ടി വർധിച്ചതായാണ് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തൽ. തുടർന്നാണ് പുനഃപരിശോധന.