മുഖ്യമന്ത്രിയെത്തുന്ന ബസിനു ഭക്ഷണ ഹാളിലേക്ക് വരാൻ കഴിയുമോ? പരീക്ഷണയോട്ടം നടത്തിയ ലോ ഫ്ലോർ അടിതട്ടി കുടുങ്ങി
Mail This Article
നാദാപുരം∙ കല്ലാച്ചിയിൽ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭക്ഷണം ഒരുക്കിയ ഓഡിറ്റോറിയത്തിലേക്ക് ലോ ഫ്ലോർ ബസ് പരീക്ഷണാർഥം ഓടിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. വിഷ്ണുമംഗലം ഓത്തിയിൽ ഓഡിറ്റോറിയത്തിലേക്ക് മുഖ്യമന്ത്രിയെത്തുന്ന ബസിനു വരാൻ കഴിയുമോ എന്നറിയാനായിരുന്നു പരീക്ഷണം.
എന്നാൽ ഓഡിറ്റോറിയത്തിൽ നിന്നു കല്ലാച്ചി പൈപ്പ് റോഡ് വഴി സംസ്ഥാന പാതയിലേക്ക് ബസ് ഇറങ്ങാൻ പ്രയാസമാണെന്നു കണ്ടെത്തി. ഇന്നലെ വൈകിട്ട് പരീക്ഷണ ഓട്ടത്തിന് എത്തിയ കെയുആർടിസിയുടെ ലോ ഫ്ലോർ ബസ് മുൻ ഭാഗം അടി തട്ടി. ബസ് റോഡിൽ ഉരസി ഏറെ നേരം നിന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
പൊലീസും മോട്ടർ വാഹന വകുപ്പ് അധികൃതരും ഏറെ നേരം പണിപ്പെട്ടാണ് മറ്റുവാഹനങ്ങൾ തടഞ്ഞ് , ബസ് പിറകോട്ടെടുത്ത് സംസ്ഥാന പാതയിലേക്ക് ഒരു വിധം ഇറക്കിയത്. ഈ വഴിയിൽ പുതിയ ബസിനും വരാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. പഴയ മാർക്കറ്റ് റോഡിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസ്സിനു കടന്നു പോകാൻ വൺവേ സമ്പ്രദായം ഒഴിവാക്കാനാണ് ഇപ്പോൾ ആലോചന.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെയും ഓരങ്ങളിൽ ടാർ ചെയ്യാതെയും കിടന്ന സംസ്ഥാന പാത മുഴുവൻ അറ്റകുറ്റപ്പണി നടത്തുകയും ഓരങ്ങളിൽ മെറ്റലിട്ടു ടാർ ചെയ്യുകയും ചെയ്യുന്ന പണി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇവിടെ നവകേരള സദസ്സ്