ADVERTISEMENT

കോഴിക്കോട്∙ കർപ്പൂരം പോലെ ദുഃഖങ്ങൾ എരിഞ്ഞില്ലാതാവുന്ന മണ്ഡലകാലത്ത് അയ്യപ്പ ഭക്തർക്കായി ഇരുമുടിക്കെട്ടിനുള്ള സഞ്ചിയിലും തോൾ‍സഞ്ചിയിലും നന്മയുടെ കഥ നിറയ്ക്കുകയാണ് പന്തീരാങ്കാവിലെ ഒരു കൂട്ടായ്മ. കണ്ണുകാണാത്തവരും സംസാരശേഷിയില്ലാത്തവരുമായ കുറച്ചു വനിതകൾ അയ്യപ്പഭക്തർക്കായി ഇരുമുടി സഞ്ചികളും തോൾസഞ്ചികളും ഒരുക്കുന്നു. 

ഏതാനും വർഷങ്ങളായി പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന സക്ഷമയെന്ന കൂട്ടായ്മയാണ് നന്മയുടെ പുതിയ ഏട് രചിക്കുന്നത്. ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിനാണ് സക്ഷമ തുടങ്ങിയത്. 2016ൽ സമദൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. സേവനതൽപരരായ ദമ്പതിമാർ 2015ൽ 21 സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകിയിരുന്നു. പന്തീരാങ്കാവ് വെള്ളക്കാട്ട് പറമ്പിലുള്ള ഈ സ്ഥലത്ത് കഴിഞ്ഞ ഏപ്രിലോടെ കെട്ടിടം നിർമിച്ച് അവിടെയാണ് ഇപ്പോൾ പ്രവർത്തനം. 

ആദ്യഘട്ടത്തിൽ ഒരു തയ്യൽക്കാരനെ കൊണ്ടുവന്ന് തുന്നൽ പരിശീലനം നൽകി. തൊഴിൽ പഠിച്ചുവെങ്കിലും വരുമാനത്തിനുള്ള വഴി എങ്ങനെ തുറക്കുമെന്നായി അടുത്ത ചിന്ത. തുടർന്നാണ് ഈ മണ്ഡലകാലത്ത് ഇരുമുടി സഞ്ചി നിർമിച്ചാലോ എന്ന് ആലോചിച്ചത്. ആദ്യം കടയിൽപോയി ഒരു ഇരുമുടി സഞ്ചി വാങ്ങി ഇതെങ്ങനെയാണ് തുന്നിയതെന്നു പഠിച്ചെടുത്തു. തുടർന്ന് സ്വന്തമായി സഞ്ചികൾ തുന്നി. കട്ടിയുള്ള തുണി വാങ്ങി തീർഥാടകർക്കുള്ള തോൾസഞ്ചികളും ഒരുക്കി. ശബരിമലയാത്രയ്ക്കുള്ളതായതിനാൽ ഏറെ ഭക്തിയോടെയും ശ്രദ്ധയോടെയുമാണ് ജോലി.

കാഴ്ചപരിമിതിയുള്ളവർക്ക് തുന്നാൻ കഴിയാത്തതിനാൽ അവർ കർപ്പൂരം എണ്ണിയെടുത്ത് പാക്കറ്റുകളിലാക്കുന്നതുപോലെയുള്ള ജോലികൾ ചെയ്തു. കടകൾ വഴി സഞ്ചി വിൽക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്ന് സക്ഷമയിലെ അന്തേവാസികൾ തയാറാക്കുന്ന ഇരുമുടി സഞ്ചികളെക്കുറിച്ച് ഒരു ചെറു കുറിപ്പും ഫോൺനമ്പറും സഹിതം വാട്സാപ് ഗ്രൂപ്പുകളിലിട്ടു. ഇതോടെ അനേകം പേർ വിളിക്കാൻ തുടങ്ങി. 

സർക്കാർ ജോലിയിൽനിന്നും മറ്റും വിരമിച്ചവരടക്കമുള്ളവരാണ് സക്ഷമയ്ക്കു നേതൃത്വം നൽകുന്നത്. ചെയർമാൻ കെ.രവീന്ദ്രനും സെക്രട്ടറി പി.പ്രകാശനും ട്രഷറർ പി.വേണുഗോപാലുമടങ്ങുന്ന സംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പി.എം.ഗീതയുടെ നേതൃത്വത്തിലാണ് ഇരുമുടിക്കെട്ടും തുണിസഞ്ചികളും നിർമിച്ച് വിതരണം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com