പാളം കുരുക്കിട്ട പന്തലായനി റെയിൽവേ ഗേറ്റിന് ഇനി എത്ര ചോര ?
Mail This Article
കൊയിലാണ്ടി∙ സ്കൂളിലേക്കു പോയ കുഞ്ഞുങ്ങൾ, ക്ഷേത്ര ദർശനത്തിനു പോയ വീട്ടമ്മമാർ, ഉറ്റവരെ കാണാൻ പോയവർ.... റെയിൽവേ പാളത്തിൽ അകാലത്തിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർകളിൽ കണ്ണീരോടെ കഴിയുകയാണു പന്തലായനിക്കാർ.ട്രെയിൻ തട്ടിയുള്ള ദുരന്തങ്ങൾ ആവർത്തിക്കുകയാണ് ഇവിടെ. പന്തലായനി ബിഇഎം യുപി സ്കൂളിലെ വിദ്യാർഥി ആനന്ദ്, പന്തലായനി പുത്തലത്ത്കുന്നുമ്മൽ രാധ(55), അയൽവാസി പാർവതി (51), പുത്തലത്ത് അശോകൻ–ഷീബ ദമ്പതികളുടെ മകൾ കോളജ് വിദ്യാർഥിനി അഞ്ജുഷ (17) എന്നിവരൊക്കെ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയാണു മരിച്ചത്. റെയിൽപാളം തീർത്ത കുരുക്കാണ് ഇവിടെ ജീവനെടുക്കുന്നത്.
റെയിൽവേ പാളത്തിലെ കുരുക്ക് കാരണം പന്തലായനിക്കാർ ചുറ്റിക്കറങ്ങി യാത്ര ചെയ്യാൻ നിർബന്ധിതരായിട്ട് വർഷങ്ങളായി. റെയിൽവേ ട്രാക്കിനു പടിഞ്ഞാറു വശത്ത് പന്തലായനി ബിഇഎം യുപി സ്കൂൾ,പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഗവ.പ്രീ പ്രൈമറി സ്കൂൾ എന്നിവ പ്രവർത്തിക്കുന്നു. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗവും റെയിൽവേ ട്രാക്ക് മുറിച്ചുകടന്നു വരുന്നവരാണ്. ദിവസവും ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്ന നൂറുകണക്കിനു വിദ്യാർഥികൾ പാളം കുറുകെ കടക്കുന്നത് സാഹസികമായാണ്. ഇവിടെ കാൽ നടക്കാർക്കായി ഗേറ്റോ നടപ്പാലമോ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ട് ഏറെക്കാലമായി. ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്ന പന്തലായനിയിൽ റെയിൽവേ ഗേറ്റ് സ്ഥാപിക്കാത്തതു കാരണം റോഡ് യാത്ര ദുരിതപൂർണമാണ്.