പുതുപ്പണത്ത് ജയിൽ നിർമാണം ഇനിയുമേറെ വൈകില്ല
Mail This Article
വടകര ∙ പുതുപ്പണത്തെ നിർദിഷ്ട റവന്യു ജില്ലാ ജയിൽ തറക്കല്ലിടൽ 2 മാസത്തിനകം നടത്താൻ സാധ്യത. ഇതിന്റെ ഭാഗമായി ജയിൽ ഉത്തര മേഖല ഡിഐജി ബി.സുനിൽകുമാർ കെട്ടിടത്തിന്റെ സ്ഥലം പരിശോധിക്കാനെത്തി. 18.20 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നതെന്നും അനുമതി കിട്ടിയാൽ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി ജലസേചന വകുപ്പിന്റെ ഭൂമിയിൽ ജയിലിന് 60 സെന്റ് നൽകിയിട്ടുണ്ട്. അനുബന്ധമായി 40 സെന്റ് കൂടി കിട്ടാൻ ശ്രമം നടത്തുന്നുണ്ട്.
ഇത് വരുന്നതോടെ വടകര സബ് ജയിൽ ഇല്ലാതാകും. ആദ്യഘട്ടമായി 2.35 ലക്ഷം രൂപ മതിലും ഗേറ്റും പണിയാൻ അനുവദിച്ചിട്ടുണ്ട്. വനിതാ ജയിൽ പദ്ധതി തൽക്കാലം ഇതൊടൊപ്പമില്ലെന്നും സുനിൽ കുമാർ പറഞ്ഞു. വടകര സബ് ജയിൽ സുപ്രണ്ട് കെ.കെ.അബ്ദുൽ മജീദ്, അസി.പ്രിസൺ ഓഫിസർ പി.വി.നിധീഷ്, കെജെഇഒഎ സംസ്ഥാന പ്രസിഡന്റ് സി.പി.റിനേഷ്, റൂറൽ ജില്ലാ ജയിൽ നോഡൽ ഓഫിസർ കെ.പി.മണി എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.