ADVERTISEMENT

ചക്കിട്ടപാറ∙ പഞ്ചായത്ത് പരിധിയിൽ 2800 കുടുംബങ്ങൾക്ക് ജലവിതരണം ലക്ഷ്യമിടുന്ന ചക്കിട്ടപാറ ജലജീവൻ പദ്ധതി പൂർത്തീകരിക്കാത്തതിനാൽ വേനൽ രൂക്ഷമാകുന്നതോടെ കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്ന് ആശങ്ക. പെരുവണ്ണാമൂഴി ഡാമിലെ വെള്ളം ഉപയോഗിച്ച് പഞ്ചായത്തിലെ 9 വാർഡുകളിലെ കുടുംബങ്ങൾക്ക് വേണ്ടി ആരംഭിച്ചതാണ് ഈ പദ്ധതി.2021 ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങി. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു.  പെരുവണ്ണാമൂഴി ഡാമിൽ നിന്നു തോണക്കരക്കുന്ന്, ഉരുട്ടിക്കരക്കുന്ന് ടാങ്കുകളിൽ വെള്ളം എത്തിച്ച് വിവിധ വാർഡുകളിലേക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.ചക്കിട്ടപാറ, ചെമ്പനോട, പെരുവണ്ണാമൂഴി, കുളത്തുവയൽ, നരിനട, താന്നിയോട്, പന്നിക്കോട്ടൂർ, കുളത്തുംതറ, അണ്ണക്കുട്ടൻചാൽ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളാണ് ജലവിതരണ പദ്ധതിയിൽ നിലവിലുള്ളത്. ആദ്യഘട്ടത്തിൽ 16.5 കോടി രൂപയാണ് ഫണ്ട് അനുവദിച്ചത്.ഉരുട്ടിക്കരകുന്ന് ടാങ്കിൽ നിന്നു മാസങ്ങൾക്ക് മുൻപ് ട്രയൽ റൺ നടത്തിയിരുന്നു. ഈ ടാങ്കിലെ ജലം 1700 കുടുംബങ്ങൾക്ക് വിതരണം ചെയ്യും. പല ഭാഗത്തും ചോർച്ച ഉള്ളതിനാൽ തകരാർ പരിഹരിച്ചു വരികയാണ്.

റജിസ്ട്രേഷൻ  നടത്തിയില്ല
തോണക്കരക്കുന്ന്, ഉരുട്ടിക്കരക്കുന്ന് ടാങ്ക് നിർമിക്കുന്നതിനു സ്വകാര്യ വ്യക്തികൾ വിട്ടു നൽകിയ ഭൂമി റജിസ്റ്റർ ചെയ്ത് വില കൈമാറാത്തതാണ് പദ്ധതിക്ക് തടസ്സം. 2021ൽ ടാങ്കിനു ഭൂമി കൈമാറാൻ സ്വകാര്യ വ്യക്തികൾ പഞ്ചായത്തുമായി കരാർ വച്ചിരുന്നു.തോണക്കരകുന്ന് ടാങ്കിനു റോഡ് ഉൾപ്പെടെ 13 സെന്റ് ഭൂമി വിട്ടുകിട്ടണം. ടാങ്ക് സ്ഥാപിച്ച ഭൂമി റജിസ്റ്റർ ചെയ്യാത്തതിനാൽ 6 മാസം മുൻപ് സ്വകാര്യ വ്യക്തി പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു. മാസങ്ങൾക്ക് മുൻപ് ഭൂമി റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂവുടമ കത്ത് നൽകിയപ്പോൾ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ഭൂമി വില നിർണയത്തിനു റവന്യു അധികൃതരോട് ആവശ്യപ്പെട്ടുവെന്ന് പഞ്ചായത്ത് പറയുന്നു. തോണക്കരക്കുന്ന് ടാങ്കിനു സമീപത്ത് പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചില്ല. വീടുകളിലേക്ക് ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ടാങ്കിലേക്ക് പൈപ്പ് സ്ഥാപിക്കാത്തതിനാൽ ട്രയൽ റൺ നടത്താനും സാധിക്കുന്നില്ല. ടാങ്കിനു ഭൂമി ലഭ്യമാക്കേണ്ടതു പഞ്ചായത്ത് അധികൃതരാണെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com