മാലിന്യവുമായെത്തിയ വാഹനവും പ്രവർത്തകരെയും തടഞ്ഞു
Mail This Article
കോഴിക്കോട് ∙ എട്ട് വർഷമായി അടഞ്ഞു കിടക്കുന്ന നാദാപുരത്തെ മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ഹരിത കർമ സേനയുടെ വാഹനവും പ്രവർത്തകരെയും സമരക്കാർ തടഞ്ഞു. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച പ്ലാന്റ് എട്ട് വർഷങ്ങൾക്ക് മുൻപ് ഹൈക്കോടതി വിധിയെ തുടർന്ന് അടച്ചു പൂട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ സമര സമിതി പ്രവർത്തകർ അവരുടെ പ്രശ്നങ്ങൾ കലക്ടറെ നേരിട്ട് അറിയിച്ചിരുന്നു.
ഞങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ അവിടെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന ഉറപ്പ് സമരക്കാർക്ക് നൽകിയ ശേഷമാണ് കലക്ടർ മടങ്ങിയത്. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പ്ലാന്റിൽ മാലിന്യവുമായെത്തിയത്. അടഞ്ഞു കിടക്കുന്ന പ്ലാന്റിൽ ഇനിയും മാലിന്യം കൊണ്ട് വരാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെങ്കിൽ അവരെ നിയമപരമായും കായികമായും നേരിടാനാണ് തീരുമാനമെന്ന് സമരസമിതി അറിയിച്ചു.