വിവരാവകാശ മറുപടിയിൽ പേര് വച്ചില്ല; രണ്ട് ഓഫിസർമാരെ ഇമ്പോസിഷൻ എഴുതിച്ച് കമ്മിഷൻ
Mail This Article
കോഴിക്കോട് ∙ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയപ്പോൾ വിവരം നിഷേധിച്ച കത്തിൽ സ്വന്തം പേര് മറച്ചുവച്ച രണ്ട് ഉദ്യോഗസ്ഥരെകൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് വിവരാവകാശ കമ്മിഷൻ. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ വിവരാവകാശ ഓഫിസറായിരുന്ന ഇഗ്നേഷ്യസ് എം.ജോൺ, ബേപ്പൂർ പോർട്ട് ഓഫിസിലെ ഡയറക്ടറുടെ പി.എ അനിത.സി എന്നിവരാണ് കമ്മിഷന് സ്വന്തം പേരും ഫോൺ നമ്പരും നൂറു പ്രാവശ്യം വീതം എഴുതി നല്കിയത്. ഇഗ്നേഷ്യസ് ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പിൽ കോഴിക്കോട് റീജണൽ ഓഫിസിലെ എൻജിനീയറാണ്.
വിവരാവകാശ അപേക്ഷക്ക് മറുപടി നല്കിയപ്പോൾ വിവരം നല്കരുതെന്നതായിരുന്നു താല്പര്യമെന്ന് കമ്മിഷൻ തെളിവെടുപ്പിൽ കണ്ടെത്തി. ഒപ്പം തന്റെ പേരുപോലും അപേക്ഷകനെ അറിയിച്ചില്ല. ബേപ്പൂർ പോർട്ട് ഓഫിസിൽ ലഭിച്ച അപേക്ഷയിലും വിവരം നിഷേധിച്ചാണ് മറുപടി കുറിച്ചത്. അപ്പോഴും ഓഫിസർ ആരെന്ന് ഹരജിക്കാരിയെ അറിയിക്കാതിരിക്കുകയാണുണ്ടായത്. പേരുവക്കാൻ മറന്നു പോയി എന്ന് ഇരുവരും കമ്മിഷനോടു പറഞ്ഞതിനെ തുടർന്നാണ് കമ്മിഷണർ എ.അബ്ദുൽ ഹക്കിം ഇരുവർക്കും പേരും നമ്പരും എഴുതാൻ കടലാസ് നല്കിയത്.