ADVERTISEMENT

ഫറോക്ക് ∙ ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മിനുക്കുന്ന പ്രവൃത്തികൾക്ക് അതിവേഗം. സ്റ്റേഷനിൽ യാത്രക്കാർക്കു അത്യാധുനിക വിശ്രമമുറി ഒരുക്കലും പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര സ്ഥാപിക്കലും പുരോഗമിക്കുകയാണ്. ഒപ്പം 2396 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്. പ്രധാന റോഡിൽ നിന്നു സ്റ്റേഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനു വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിങ് മേഖലയ്ക്കായി സ്റ്റേഷൻ വളപ്പിലെ മരങ്ങൾ ഇതിനകം മുറിച്ചു നീക്കിയിട്ടുണ്ട്. ചുറ്റുമതിൽ സ്ഥാപിച്ച് വളപ്പിൽ പൂട്ടുകട്ടകൾ പാകും.


‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസന പ്രവൃത്തി പുരോഗമിക്കുന്നു.
‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസന പ്രവൃത്തി പുരോഗമിക്കുന്നു.

അമൃത് ഭാരത് പദ്ധതിയിൽ 7.587 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ടത്തിൽ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നത്. ഘട്ടംഘട്ടമായി യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിപുലീകരിച്ച് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ്  ലക്ഷ്യം. 

ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ആവശ്യമായ മേൽക്കൂര, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് നടപ്പാലം, ആധുനിക സൗകര്യത്തോടെ ശുചിമുറി, കൂടുതൽ ഇരിപ്പിടങ്ങൾ, കുടിവെള്ളം, വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

നിലവിലെ ഭൗതിക സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന സൗന്ദര്യവൽക്കരണം യാഥാർഥ്യമാകുന്നതോടെ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും. കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ബേപ്പൂർ തുറമുഖം, കിൻഫ്ര നോളജ് പാർക്ക്, ഫാറൂഖ് കോളജ് എന്നിവയ്ക്കു സമീപത്തെ സ്റ്റേഷൻ എന്ന പരിഗണനയിലാണ് ഫറോക്കിനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പാലക്കാട് ഡിവിഷനു കീഴിലെ 16 റെയിൽവേ സ്റ്റേഷനുകൾ കൂടി പദ്ധതിയിൽ വികസിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com