ആശുപത്രികളിൽ മാസ്ക് നിർബന്ധം
Mail This Article
കോഴിക്കോട് ∙ ജില്ലയിൽ കോവിഡ് ബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. മെഡിക്കൽ കോളജിൽ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയവരിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 9 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിതരെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചത്. ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ 3 സ്റ്റാഫ് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മെഡിസിൻ ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അടുത്ത ദിവസം ഇവിടെ അണുവിമുക്തമാക്കും. ആശുപത്രി പനി ക്ലിനിക്കിൽ ദിവസം 60 മുതൽ 80 വരെ പേരാണ് ചികിത്സ തേടുന്നത്. ആർപിഎച്ച് ലാബിനു സമീപമാണ് പനി ക്ലിനിക് പ്രവർത്തിക്കുന്നത്.ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 3 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സംസ്കരിച്ചത്. എന്നാൽ, ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഒരാളുടെ മരണം മാത്രമാണ് കോവിഡ് പ്രകാരമാണെന്നു സ്ഥിരീകരിച്ചത്.