മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം സംഘടിപ്പിച്ചു
Mail This Article
കോഴിക്കോട്∙ മുക്കം അങ്ങാടിയിൽ എട്ട് മാസമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം സ്തംഭിച്ചിട്ട്. പരിഹാരം ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം നടത്തി. മുക്കത്തെ സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, സമീപ പ്രദേശത്തെ വീടുകൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങളിലേക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. വ്യാപരികൾക്ക് ദിവസവും വെള്ളത്തിനായി വലിയ തുകയാണ് ചെലവാകുന്നത്. ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ ബില്ല് അടക്കേണ്ടിയും വരുന്നു.
കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ മുൻപാകെ പരാതി നൽകിയിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുമെന്നും നവ കേരള യാത്രയുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നാണ് വ്യാപാരി നേതാക്കൾക്ക് അധികാരികൾ ഉറപ്പുനൽകിയത്. എന്നാൽ ഈ ഉറപ്പു പാലിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം തുടങ്ങിയത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ യൂണിറ്റ് പ്രസിഡണ്ട് പി.അലി അക്ബർ, ജനറൽ സെക്രട്ടറി അനീസുദ്ധീൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം സംഘടിപ്പിച്ചത്.
മുക്കം ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച നിരാഹാര സമരം കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തകസമിതി അംഗം കപ്പിയേടത്ത് ചന്ദ്രേൻ, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, ജിജി, പി.പി.അബ്ദുൽ മജീദ്, വി.പി.അനീസുദ്ദീൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.