ADVERTISEMENT

മുക്കം∙ അങ്ങാടിയിലും പരിസരത്തും  8 മാസത്തോളമായി മുടങ്ങിക്കിടക്കുന്ന ശുദ്ധജല വിതരണം ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം സംഘടിപ്പിച്ചു. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ജല അതോറിറ്റി ഓഫിസുകളിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളും നടത്താനാണ് നീക്കം. നിരാഹാരത്തിനു മുൻപു വ്യാപാരികൾ മുക്കത്ത് പ്രകടനവും നടത്തി. ജലവിതരണം സ്തംഭിച്ചതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സർക്കാർ ഓഫിസുകൾ, ഹോട്ടലുകൾ,ഗാർഹിക ഉപയോക്താക്കൾ എന്നിവർക്ക് 8 മാസമായി ശുദ്ധജലം കിട്ടിയിട്ട്.എന്നിട്ടും ബിൽ മുടങ്ങാതെ  ലഭിക്കുന്നു.

ജല അതോറിറ്റിയും മരാമത്ത് അധികൃതരും തമ്മിലുള്ള ‘ശീത സമര’വും ശുദ്ധജല വിതരണ പ്രശ്നം പരിഹരിക്കുന്നതിൽ താമസം നേരിടുന്നുണ്ട്. വിതരണ പൈപ്പുകളിലെ തകരാർ കണ്ടു പിടിക്കണമെങ്കിൽ മരാമത്തിനു കീഴിലെ റോഡ് കുത്തിപ്പൊളിക്കണം. ഇതിന് മരാമത്ത് വകുപ്പിന് 3 ലക്ഷത്തോളം രൂപയുടെ ബാങ്ക് ഗ്യാരന്റി  ജല അതോറിറ്റി കെട്ടിവയ്ക്കണം. ഇതിനുള്ള ഫണ്ടും ജല അതോറിറ്റിക്ക് ഇല്ലെന്ന് പറയുന്നു.‌നിരാഹാര സമരം സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നം വഷളാക്കുന്നതെന്നു ആരോപിച്ച അദ്ദേഹം പ്രശ്നം നീണ്ടാൽ സമിതി സംസ്ഥാന സമിതി വിഷയം ഏറ്റെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

സമിതി യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി.അനീസുദ്ദീൻ, ട്രഷറർ ഡിറ്റോ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരാഹാരം.സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം നിരാഹാരം അനുഷ്ഠിച്ചവർക്ക് നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു.  പി.അലി അക്ബർ ആധ്യക്ഷ്യം വഹിച്ചു.  യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യാതിഥിയായി.  ജില്ലാ സെക്രട്ടറി ജിജി കെ.തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സംസ്ഥാന സമിതി അംഗം കപ്പ്യേടത്ത് ചന്ദ്രൻ, പ്രേമൻ മണാശ്ശേരി, എം.ടി.അസ്‌ലം, റൈഹാന നാസർ, പി.പി.അബ്ദുൽ മജീദ്, വി.പി.അനീസുദ്ദീൻ, ഡിറ്റോ തോമസ് , നിസാർ ബെല്ല, നൂറുദ്ദീൻ സനം, എന്നിവർ പ്രസംഗിച്ചു.നിരാഹാരത്തിനു പിന്തുണ പ്രഖ്യാപിച്ച് വനിത വ്യാപാരികൾ ഉൾപ്പെടെയുള്ളവർ സമര പന്തലിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com