11 മാസത്തെ കാത്തിരിപ്പ് തടമ്പാട്ടുതാഴം – വേങ്ങേരി ബൈപാസ് ജംക്‌ഷനിൽ സർവീസ് റോഡ് തുറന്നു
Mail This Article
കോഴിക്കോട് ∙ ദേശീയപാത ആറുവരി വികസനവുമായി ബന്ധപ്പെട്ടു ഒരു വർഷത്തോളം അടച്ചിട്ട തടമ്പാട്ടുതാഴം – വേങ്ങേരി ബൈപാസ് ജംക്‌ഷനിൽ സർവീസ് റോഡ് തുറന്നു. ഇതുവഴി ബാലുശ്ശേരി, ചെറുകുളം, കക്കോടി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഓടി തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി 7 നാണ് വേങ്ങേരി ജംക്‌ഷനിൽ ദേശീയപാതക്കു കുറുകെ ഓവർപാസ് നിർമിക്കുന്നതിനു മണ്ണെടുത്തു താഴ്ത്തിയത്.
ഇതുമായി ബന്ധപ്പെട്ടാണ് നഗരത്തിൽ നിന്നു വേങ്ങേരി – കക്കോടി ഭാഗത്തേക്കുള്ള ബാലുശ്ശേരി റോഡ് പൂർണമായും അടച്ചത്. 3 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു അറിയിച്ചെങ്കിലും 11 മാസം പിന്നിട്ടു. ഇതോടെ കരിക്കാംകുളം മുതൽ തടമ്പാട്ടുതാഴം, വേങ്ങേരി മാർക്കറ്റ്, വേങ്ങേരി കല്ലിങ്ങൽ കയറ്റം വരെയുള്ള മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായിരുന്നു. പല കടകളും ഹോട്ടലുകളും അടച്ചു.
ജംക്‌ഷനിൽ ഓവർപാസിൽ ഒരുഭാഗം പാലം നിർമാണം പൂർത്തിയായതോടെയാണ് ഇന്നലെ സർവീസ് റോഡ് തുറന്നത്. തടമ്പാട്ടുതാഴം ഭാഗത്തു നിന്നു ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്കും രാമനാട്ടുകര ഭാഗത്തേക്കും ഇനി ഇതുവഴി ഗതാഗത സൗകര്യമായി. വലിയ ചരക്കു ലോറികൾക്കു പ്രവേശനമില്ല. റോഡു തുറന്നത് വേങ്ങേരി കാർഷിക മൊത്ത വിപണന മാർക്കറ്റിനും അനുകൂലമായി. വാഹന ഗതാഗതം ഇല്ലാത്തതിൽ മാർക്കറ്റിലേക്കു കക്കോടി, ബാലുശ്ശേരി ഭാഗത്തു നിന്നു വാഹനത്തിൽ ആവശ്യക്കാർക്കു എത്തിപ്പെടാൻ കഴിയാതെയായിരുന്നു. നിർജീവമായ തടമ്പാട്ടുതാഴം, മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളും സജീവമാകും.