ഒന്തം റോഡിൽ നിന്നുള്ള വഴി റെയിൽവേ അടച്ചു
Mail This Article
വടകര ∙ ഒന്തം റോഡിൽ നിന്ന് നഗരസഭാ ഓഫിസിലേക്കുള്ള എളുപ്പ വഴി ഒടുവിൽ റെയിൽവേ അടച്ചു. കഴിഞ്ഞ നവംബർ 29 ന് അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം സ്ഥലത്തെത്തിയ കെ.മുരളീധരൻ എംപി, കെ.കെ.രമ എംഎൽഎ, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു എന്നിവരുടെ അഭ്യർഥനയെ തുടർന്ന് വഴി അടയ്ക്കുന്ന കാര്യം പുനഃപരിശോധിക്കാമെന്ന് അറിയിച്ച റെയിൽവേ രാവിലെ 11 ന് മുന്നറിയിപ്പ് ഇല്ലാതെ അടയ്ക്കുകയായിരുന്നു.
ഇരു ഭാഗത്തും പ്രവേശനം തടയുന്ന തരത്തിൽ ഇരുമ്പു പാളം വെൽഡ് ചെയ്ത് അടയ്ക്കുകയാണ് ചെയ്തത്. 2 ഭാഗത്തുമുള്ള പടവുകൾ ഇടിച്ചു നിരത്തി. ഈ ഭാഗത്ത് പതിവായി ആളുകൾ റെയിൽ മുറിച്ചു കടക്കുന്നതു കൊണ്ട് അപകടം പെരുകുന്ന കാരണം പറഞ്ഞാണ് റെയിൽവേ വഴി അടച്ചത്.
ഇതോടെ നഗരസഭാ ഓഫിസ്, പാക്കയിൽ, താഴെ അങ്ങാടി ഭാഗത്തേക്ക് ഒന്തം റോഡ് വഴി വരുന്നവർ മേൽപാലം കടന്നോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ലവൽ ക്രോസ് വഴിയോ വരേണ്ടി വരും.