ADVERTISEMENT

ബേപ്പൂർ ∙ മത്സ്യബന്ധന മേഖലയിലെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനായി നിർമിച്ച ബേപ്പൂർ ഫിഷറീസ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി. ഫിഷറീസ് വകുപ്പ് അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ചു പണിത 3 നില കെട്ടിടം പൂർത്തിയായി. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 

പുതിയ കെട്ടിടത്തിൽ മത്സ്യഭവൻ, മത്സ്യഫെഡ് പ്രോജക്ട് ഓഫിസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് എന്നിവ താഴെ നിലയിൽ പ്രവർത്തിക്കും. ഫിഷറീസ് സ്റ്റേഷൻ, റീജനൽ കൺട്രോൾ റൂം, ഫിഷറീസ് അസി.ഡയറക്ടർ ഓഫിസ് എന്നിവ ഒന്നാം നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ടാം നിലയിൽ മറൈൻ എൻഫോഴ്സ്മെന്റ്, മറൈൻ റെസ്ക്യൂ ഗാർഡ് ഓഫിസുകളും മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രവും പ്രവർത്തിക്കും. ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിലാണ് 5328 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക രൂപകൽപനയിൽ കെട്ടിടം ഒരുക്കിയത്. 

തികച്ചും ഭിന്നശേഷി സൗഹൃദമായി നിർമിച്ച കെട്ടിടത്തിൽ ജീവനക്കാർക്കും സേവനം തേടിയെത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അപകടാവസ്ഥയിലായിരുന്ന പഴയ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം പൂർണമായും പൊളിച്ചു നീക്കി. 

1974ൽ പണിതതായിരുന്നു ബേപ്പൂരിലെ ഫിഷറീസ് സ്റ്റേഷൻ. കാലപ്പഴക്കത്താൽ കെട്ടിടത്തിനു തകർച്ച ഭീഷണി നേരിട്ടതോടെയാണു പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ അധികൃതർ പദ്ധതിയിട്ടത്. 

നിർമാണ പ്രവൃത്തിയുടെ ഭാഗമായി നിലവിൽ വെസ്റ്റ്ഹിൽ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിലാണ് ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം. പുതിയ ഓഫിസ് സമുച്ചയം പ്രവർത്തന സജ്ജമാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ സേവനങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നു വേഗത്തിൽ ലഭ്യമാക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com