7.43 കോടി ചെലവിൽ നിർമിച്ച കുപ്പായക്കോട് റോഡ് ഒരു മാസം തികയും മുൻപേ ഇടിഞ്ഞു തകർന്നു
Mail This Article
കോടഞ്ചേരി∙ കണ്ണോത്ത്–കുപ്പായക്കോട്–ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിനു സമീപം റോഡ് വീണ്ടും ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതവും കാൽനടയാത്രയും പൂർണമായി നിരോധിച്ചു. റോഡ് തകർന്ന ഭാഗത്ത് തുടരെ റോഡ് ഇടിഞ്ഞു വീഴുകയാണ്. ഈ ഭാഗത്ത് ടാറിട്ട റോഡ് നീളത്തിൽ വിണ്ടു കീറി അപകടാവസ്ഥയിലാണ്.
2019ൽ 7.43 കോടി രൂപ അനുവദിച്ച് ഒന്നര വർഷത്തെ കാലാവധിയിൽ നിർമാണം ആരംഭിച്ച റോഡിന്റെ ഉദ്ഘാടനം 2023 ജൂൺ 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് നിർവഹിച്ചത്. ഒരു മാസം തികയും മുൻപേ റോഡ് 50 മീറ്റർ നീളത്തിൽ നാലര മീറ്റർ വീതിയിൽ കരിങ്കല്ല് കൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തിയടക്കം തകർന്നു.
ഇതോടെ. ബസ് അടക്കമുള്ള വലിയ വാഹനങ്ങളുടെ യാത്ര പൂർണമായും നിരോധിച്ചു. കാർ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ മാത്രമാണ് ഓടിയിരുന്നത്. ഇന്നലെ വീണ്ടും റോഡ് ഇടിഞ്ഞതോടെ യാത്ര പൂർണമായും നിരോധിച്ചു. ഓമശ്ശേരി–കോടഞ്ചേരി–ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിനടുത്താണ് ഗതാഗതം നിരോധിച്ചിട്ടുള്ളത്.
മുൻപ് തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു താഴ്ചയിൽ മണ്ണ് നീക്കം ചെയ്ത ഭാഗത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വെള്ളം നിറഞ്ഞതാണ് വീണ്ടും റോഡ് ഇടിയാൻ കാരണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
കുപ്പായക്കോട് റോഡിൽ ഗതാഗതം മുടങ്ങിയതിന്റെ ഉത്തരവാദി അധികൃതർ: കോൺഗ്രസ്
കോടഞ്ചേരി∙ ചെറിയ ഒരു തോട്ടിലെ വെള്ളം വറ്റിച്ച് അടിത്തറ കോൺക്രീറ്റ് ചെയ്ത്, സംരക്ഷണ ഭിത്തി പണിത് റോഡ് നിർമിക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു കോൺഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കുപ്പായക്കോട് റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടതിന്റെ ഉത്തരവാദികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ആണ്. പുതിയ എസ്റ്റിമേറ്റിൽ മാത്രം ലക്ഷ്യം വച്ചു കൊണ്ട് സർക്കാരിന്റെ പണം ധൂർത്തടിക്കാനുള്ള ഒത്താശ ചെയ്യുന്ന പണിയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചെയ്യുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
വിജിലൻസിനെയും കോടതിയെയും സമീപിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ്, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദേവസ്യ ചൊള്ളാമഠം, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, സന്തോഷ് മാളിയേക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ആന്റോ, പഞ്ചായത്ത് അംഗം ഷിൻജോ തൈക്കൽ, ബാബു ചേണാൽ, സി.ആർ ബിജു എന്നിവർ പറഞ്ഞു.