കല്ലുമ്മക്കായ(കടുക്ക) ക്ഷാമം മൂലം തൊഴിലാളികൾ ദുരിതത്തിൽ
Mail This Article
കൊയിലാണ്ടി∙ കല്ലുമ്മക്കായ(കടുക്ക) ക്ഷാമം മൂലം തൊഴിലാളികൾ ദുരിതത്തിൽ. കല്ലുമ്മക്കായയുടെ ആവശ്യക്കാർ രാവിലെ തന്നെ വരുമെങ്കിലും നിരാശരായി പോകുന്ന അവസ്ഥയാണ്. മൂടാടി കടപ്പുറത്താണ് ആവശ്യക്കാർ കൂടുതലും എത്തിയിരുന്നത്. വിവാഹത്തിനും സൽക്കാരത്തിനും ഭക്ഷണം രുചികരമാക്കാൻ നാട്ടുകാർക്ക് മൂടാടിയിലെ കലുമ്മക്കായ തന്നെ വേണം. എന്നാൽ, ആവശ്യക്കാർക്കെല്ലാം കൊടുക്കാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വർഷങ്ങളായി മൂടാടി കടലിലെ ചെങ്കൽപാറയിൽ കല്ലുമ്മക്കായ കുറയുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇവിടെനിന്ന് ധാരളം ചെറുപ്പക്കാർ കല്ലുമ്മക്കായ ശേഖരിക്കാൻ പോയിരുന്നു. കടലിറങ്ങി താമസിയാതെ കരയ്ക്കെത്താം. ദിവസം 1000 രൂപയിൽ കുറയാതെ വരുമാനമുമുണ്ടാകും. അതുകഴിഞ്ഞ് മറ്റു പണികൾക്കും പോകാം. ഇപ്പോൾ സ്ഥിതിയാകെ മാറി.
കാലാവസ്ഥാ വ്യതിയാനവും കടൽക്ഷോഭവും കാരണം കല്ലുമ്മക്കായ പറിക്കാൻ കഴിയാത്ത അവസ്ഥയാണ് കലങ്ങിയ വെള്ളത്തിൽ കല്ലുമ്മക്കായ കാണാനും പറ്റില്ല. ഇതോടെയാണ് പലരും പണി നിർത്തിയത്. കല്യാണ സീസണാകുമ്പോൾ മികച്ച വിലയാണ് കല്ലുമ്മക്കായയ്ക്ക്. ഇടത്തരം വലുപ്പമുള്ളതിന് കിലോയ്ക്ക് 260 രൂപയാണ്. 2 വർഷം മുൻപ് വലിയ കല്ലുമ്മക്കായ കയറ്റുമതി ചെയ്തിരുന്നു. കിലോയ്ക്ക് 15 എണ്ണം മതി. അതിന് 350 രൂപയാണ് വില. വർഷങ്ങൾക്ക് മുമ്പ് 8 മാസം ഈ ജോലിക്കു പോയിരുന്നു. 4 മാസം മത്സ്യബന്ധനത്തിനും പോകും. എന്നാൽ ഇപ്പോൾ പല ദിവസങ്ങളിലും ഒഴിഞ്ഞ കുട്ടയുമായി തിരികെ വരേണ്ട അവസ്ഥയാണ്. ഇറക്കുമതി ചെയ്യുന്ന കല്ലുമ്മക്കായ ‘മൂടാടി കടുക്ക’ എന്ന പേരിലാണ് വിൽക്കുന്നതെന്നു തൊഴിലാളികൾ പറയുന്നു. ചെങ്കൽപാറയിൽ ഉണ്ടാകുന്നതിനാലാണ് മൂടാടി കല്ലുമ്മക്കായയ്ക്ക് സ്വാദ് ഏറുന്നത്.