ദീപാലംകൃത ഫറോക്ക് പാലം ഉദ്ഘാടനം ഇന്ന്
Mail This Article
ഫറോക്ക് ∙ പ്രകാശപൂരിതമായതോടെ സഞ്ചാരികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കി ഫറോക്ക് പഴയ പാലം. എൽഇഡി വർണ വിളക്കുകൾ തെളിഞ്ഞതോടെ ബ്രിട്ടിഷ് നിർമിത ആർച്ച് പാലത്തിനു പുതുമോടി.
വിദേശ മാതൃകയിൽ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാത്രി 7ന് പഴയ പാലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. സംസ്ഥാന റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ പദ്ധതിയിൽ 1.65 കോടി രൂപ ചെലവിട്ടാണ് ദീപാലങ്കാരം ഏർപ്പെടുത്തിയത്.
ഇതോടൊപ്പം സന്ദർശകർക്ക് ദീപാലംകൃതമായ പാലത്തിന്റെ കാഴ്ചയും ചാലിയാറിന്റെ മനോഹാരിതയും ഒപ്പിയെടുക്കാൻ പാലത്തോടു ചേർന്ന് സെൽഫി പോയിന്റും ഒരുങ്ങി. പാലത്തിന്റെയും ബേപ്പൂർ മണ്ഡലത്തിന്റെയും ചരിത്രവും ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോ വോളും തെളിഞ്ഞു.
പാലത്തിനു സമീപത്തെ കോർപറേഷൻ ചിൽഡ്രൻസ് പാർക്ക് നവീകരിച്ച് വെളിച്ച സൗകര്യം, അലങ്കാര വിളക്കുകൾ, പ്രഭാത സവാരി സൗകര്യം, പുതിയ കളി ഉപകരണങ്ങൾ, മിനി ഓപ്പൺ എയർ സ്റ്റേജ്, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, ശുചിമുറി ബ്ലോക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം പാർക്കിന്റെ ചുമരുകളിൽ വർണചിത്രങ്ങൾ, വ്യത്യസ്തമായ ശിൽപങ്ങൾ എന്നിവ ഒരുക്കി അലങ്കരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത പരിപാടി അരങ്ങേറും. മരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്.