ഭരണഘടനയിൽ നിന്നു ഗവർണർ പദവി എടുത്തു കളയണം: കെ.പ്രകാശ്ബാബു
Mail This Article
കോഴിക്കോട് ∙ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത് ഗവർണർ പദവി എടുത്തു കളയണമെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ– രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സർക്കാർ നിലവിൽ ഉള്ളപ്പോഴും എക്സിക്യൂട്ടീവ് അധികാരം മുഴുവൻ ഗവർണർക്കാണുള്ളത്. നിലവിൽ മിക്ക ഗവർണർമാരിൽ നിന്നും ഭരണഘടനാ വിരുദ്ധമായ നടപടികളാണുണ്ടാകുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ അനാവശ്യമായി തടഞ്ഞുവയ്ക്കുകയാണ് ഗവർണർമാർ. ഗവർണർമാരെ ഉപയോഗിച്ചു പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
വിയോജിക്കാനും പ്രതിഷേധിക്കാനും സ്വാതന്ത്ര്യമില്ലെങ്കിൽ അത് ഏകാധിപത്യത്തിനു വഴിമാറും. ഇതാണ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിക്കുന്നത്. ഹിറ്റ്ലറുടെ പാതയിലൂടെയാണു മോദി പോകുന്നത്. പാർലമെന്റിനകത്ത് ജനാധിപത്യത്തെ പൂർണമായും കശാപ്പ് ചെയ്താണ് പ്രതിപക്ഷ സ്വരം ഇല്ലാതാക്കുന്നതെന്നും കെ.പ്രകാശ്ബാബു കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു, സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം ടി.വി.ബാലൻ, ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ, സംസ്ഥാന സമിതി അംഗം ടി.കെ.രാജൻ, ജില്ലാ അസി.സെക്രട്ടറിമാരായ പി.കെ.നാസർ, പി.ഗവാസ് എന്നിവർ പ്രസംഗിച്ചു.