ADVERTISEMENT

കൊടുവള്ളി∙ വർഷങ്ങളായി കാടുമൂടി, കെട്ടിടം തകർന്ന് അനാഥമായി കിടക്കുകയാണ് സൗത്ത് കൊടുവള്ളി കുടുംബാരോഗ്യ ഉപകേന്ദ്രം. 30 വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടം ശോച്യാവസ്‌ഥയിലെത്തിയതിനെ തുടർന്ന് പൊളിച്ച് പുതിയ 2 നില കെട്ടിടം പണിയാൻ തുക അനുവദിച്ചിരുന്നു. മുൻ എംഎൽഎ കാരാട്ട് റസാഖിന്റെ ഇടപെടലിനെ തുടർന്നാണ് 2019–20 വർഷം 49 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. 

2021 ഫെബ്രുവരി 21ന് കെട്ടിട നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും തുടർനടപടി നീണ്ടു. 2 വർഷത്തിലേറെയായിട്ടും കെട്ടിടം പൊളിക്കാനുള്ള നടപടി കാര്യമായി മുന്നോട്ടു പോയിട്ടില്ല. കൊടുവള്ളി നഗരസഭയിൽ നിന്ന് അൺഫിറ്റ് സർട്ടിഫിക്കറ്റ്, സർവേ റിപ്പോർട്ട്, ഡിസ്‌മാൻഡ്‌ലിങ് എസ്‌റ്റിമേറ്റ് എന്നീ അനുമതി രേഖകൾ ലഭ്യമാക്കാൻ നടപടിക്രമങ്ങൾ നീണ്ടു. ഇപ്പോൾ എല്ലാ അനുമതിയും ലഭിച്ചെന്ന് നഗരസഭാധികൃതർ പറയുന്നെങ്കിലും കെട്ടിടം പൊളിക്കാനുള്ള നടപടി നീളുകയാണ്. 

കരാറുകാരന്റെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് കാരണമെന്നാണ് വിശദീകരണം. കെല്ലിനാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ ചുമതല. നിലവിലെ കെട്ടിടം പൊളിച്ച് നീക്കിയാൽ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി വേഗം പ്രവൃത്തി ആരംഭിക്കാനാകും. കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനക്ഷമമായാൽ പ്രദേശത്തെ വലിയ വിഭാഗം ജനങ്ങൾക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾക്ക് ആശ്രയിക്കാനാവും. നിലവിൽ കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രമാണ് പ്രധാന സർക്കാർ ആരോഗ്യ സ്ഥാപനമായി പ്രദേശത്തുള്ളത്. രോഗികളുടെ എണ്ണം കൂടുന്നതും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സിഎച്ച്സിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സൗത്ത് കൊടുവള്ളി കുടുംബാരോഗ്യ കേന്ദ്രം എത്രയും വേഗം നവീകരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

സൗത്ത് കൊടുവള്ളി കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കാനുള്ള നടപടികൾക്ക് സാങ്കേതിക കാരണങ്ങളാൽ കാലതാമസമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ആവശ്യമായ എല്ലാ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചുനീക്കാൻ കരാറുകാരനെ ഏൽപിച്ചിട്ടുണ്ട്. പ്രദേശത്തെ കാട് മൂടിയ ഭാഗം വെട്ടിത്തെളിച്ച് കെട്ടിടം പൊളിക്കാനുള്ള നടപടി ഉടൻ തന്നെ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com