നഗരത്തെ ഗസൽ മഴയിൽ നനച്ച് ഹരിഹരൻ
Mail This Article
കോഴിക്കോട് ∙ വിരഹവും പ്രണയവും സല്ലാപവും കോർത്തിണക്കിയ സംഗീതത്തിന്റെ അകമ്പടിയിൽ ഹരിഹരൻ ബേ മിസാൽ സംഗീത പരിപാടി സംഗീതാസ്വാദകരുടെ മനം കുളിർപ്പിച്ചു. വിഖ്യാത ഗസൽ ഗായകൻ ഹരിഹരന്റെ ഗസൽ യാത്രയുടെ 50 വർഷത്തിന്റെ ആഘോഷത്തിനു തുടക്കം കുറിച്ച് നടന്ന ഗസൽ മഴയിൽ സംഗീതത്തെ പ്രണയിക്കുന്ന നഗരവും അലിഞ്ഞു ചേർന്നു. സ്വയം ഈണം നൽകിയ ഹസി അപ്നിയെന്ന ഗാനത്തോടെയാണ് ഹരിഹരൻ ഗസൽ കച്ചേരി തുടങ്ങിയത്. ഗസലിന്റെ ആരോഹണ, അവരോഹണത്തിൽ സദസ്സിൽ നിന്നുള്ള അരേ വാ വിളികൾ ഹരിഹരനും ആവേശമായി. പിന്നാലെയെത്തി, അസർ ഉസ്കോ സാറാ നഹി ഹോട്ടായും, 1980 ലെ ലണ്ടൻ ആൽബമായ ഹസ്ന കോ ചന്ദ് ജവാനി കോ കവൽ കേത്തി ഹൈയും. ആവാര... ആവാര.... എന്ന ഗാനത്തിനൊപ്പം താളമിട്ട് സദസ്സും ഒപ്പം ചേർന്നു. പാടിയ ഓരോ ഗസലിന്റെയും പശ്ചാത്തലത്തിനു യോജ്യമായ ലൈറ്റിങ് പാറ്റേൺ സംഗീതാസ്വാദകർക്ക് ദൃശ്യ വിസ്മയം തീർത്തു. ഹരിഹരന്റെ കുടുംബ സുഹൃത്തായ കെ.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഹരിഹരൻ സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര, ശ്രീനാഥ് തുടങ്ങിയവരും ഗസലുകൾ അവതരിപ്പിച്ചു. ബോളിവുഡ് ഗായകൻ ജോളി മുഖർജിയും പരിപാടിയിൽ പങ്കെടുത്തു.