ബീച്ചിലെ നവീകരിച്ച ഡിടിപിസി അക്വേറിയം തുറന്നു
Mail This Article
കോഴിക്കോട്∙ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ അപൂർവ മത്സ്യങ്ങളും സംഗീതത്തിനൊപ്പം വർണാഭമായി നൃത്തം ചെയ്യുന്ന ജലധാരയും ചുറ്റും മത്സ്യങ്ങളെ കാണുന്ന രീതിയിലൊരുക്കിയ ടണൽ അക്വേറിയവും ഒരുക്കി കാണികളെ ക്ഷണിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. നാളുകളായി അടഞ്ഞു കിടന്ന ബീച്ചിലെ ഡിടിപിസി അക്വേറിയം പുതുകാഴ്ച്ചകളുമായി നവീകരിച്ചാണ് പൊതുജനത്തിനായി തുറന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ തെക്കേ അമേരിക്കയിലെ ആമസോൺ നദീ തടങ്ങളിൽ കാണപ്പെടുന്ന അരാപൈമയാണ് അക്വേറിയത്തിലെ താരം. വടക്കേ അമേരിക്കക്കാരൻ അലിഗേറ്ററും റെഡ്ടെയ്ൽ ക്യാറ്റ് ഫിഷും ബ്ലാക്ക് ഗോസ്റ്റും അടക്കം നൂറ്റിയിരുപതോളം അലങ്കാര മത്സ്യങ്ങളാണ് കാഴ്ചക്കാരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കുന്നത്. ഏറെ നാളായി അടഞ്ഞുകിടന്നിരുന്ന അക്വേറിയം പുതിയ കരാറുകാർ എടുത്തതോടെയാണ് വീണ്ടും പ്രവർത്തനസജ്ജമായത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.