ADVERTISEMENT

ചക്കിട്ടപാറ∙ പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ 6ന് രാവിലെ 8ന് തുറക്കും. പെരുവണ്ണാമൂഴി ഡാമിലെ ഷട്ടർ തുറന്നു വടകര താലൂക്ക് മേഖലയിലേക്കു വലതുകര കനാലിൽ ജലമൊഴുക്കും. 8ന് കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലേക്കുള്ള ഇടതുകര കനാലും തുറക്കും. പെരുവണ്ണാമൂഴി ഡാം മേഖലയിൽ നിന്നു 3 കിലോമീറ്റർ പ്രധാന കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം പട്ടാണിപ്പാറ ഭാഗത്തു നിന്നുമാണ് ഇരു കനാലുകളിലേക്കും പ്രവഹിക്കുന്നത്. 2 പ്രധാന കനാൽ, 10 ബ്രാഞ്ച് കനാൽ, ഡിസ്ട്രിബ്യൂട്ടറികൾ ഉൾപ്പെടെ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി 603 കിലോമീറ്റർ ദൈർഘ്യമേറിയതാണു കുറ്റ്യാടി ജലസേചന പദ്ധതി കനാൽ.

ഇത്തവണ കനാലിൽ 550 കിലോമീറ്റർ ദൂരത്തിൽ വെള്ളം എത്തിക്കുകയാണു ലക്ഷ്യം. 2023ൽ 480 കിലോമീറ്റർ ദൂരത്തിലാണു കനാലിൽ ജലം എത്തിച്ചിരുന്നത്. കനാലിൽ മണ്ണ് നീക്കാത്തതിനാൽ ചെളി നിറഞ്ഞിരുന്നു. നീരൊഴുക്കിനു തടസ്സം നേരിട്ട വലതുകര കനാലിന്റെ 6 ാം കിലോമീറ്റർ വരെ മണ്ണു നീക്കം ചെയ്തു വരികയാണ്. കാടുകയറിയ ഇടതുകര കനാലിന്റെ 5 അക്വഡറ്റുകളും വലതുകര കനാലിന്റെ 6 അക്വറ്റുകളും വർഷങ്ങൾക്കു ശേഷം പ്രത്യേക ഫണ്ട് വകയിരുത്തി ഇത്തവണ വൃത്തിയാക്കി.

നോൺ പ്ലാൻ പദ്ധതിയിൽ 2.88 കോടി രൂപയാണു കനാലിലെ വെള്ളമൊഴുക്കു സുഗമമാക്കുന്ന പ്രവൃത്തിക്കു നീക്കിവച്ചത്. കനാൽ വൃത്തിയാക്കാൻ 2.45 കോടി രൂപയും മരം വെട്ടലിനു 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്.തൊഴിലുറപ്പ് പദ്ധതിയിൽ മുൻ വർഷങ്ങളിൽ 10 കോടി രൂപ ചെലവഴിച്ച പദ്ധതിയിൽ ഈ വർഷം ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണു കാര്യക്ഷമമായി പ്രവൃത്തി നടത്തിയത്. കനാൽ വൃത്തിയാക്കുന്ന ജോലി 95 ശതമാനവും പൂർത്തീകരിച്ചു. 5നുള്ളിൽ മുഴുവൻ ജോലിയും പൂർത്തിയാകും.

കനാൽ തുറക്കുന്നതിനു മുന്നോടിയായി പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്ക് ഡാമിൽ നിന്നും വെള്ളം നൽകുന്നതു നിർത്തിവച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഡാമിൽ ഇത്തവണ ജലനിരപ്പ് വർധിച്ച് 38.70 മീറ്റർ ആയി. ദേശീയപാത പ്രവൃത്തിയെ തുടർന്ന് ഇരിങ്ങൽ‌ ബ്രാഞ്ച് കനാൽ, കോഴിക്കോട് കോർപറേഷനിലെ പുതിയങ്ങാടി ഡിസ്ട്രിബ്യൂട്ടറി കനാൽ എന്നിവടങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കനാലിന്റെ അവസാന ഭാഗത്ത് അഴിയൂരിലും ജലവിതരണം മുടങ്ങാൻ സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com