എൻഐടിയിലെ സംഘർഷം: 10 വിദ്യാർഥികൾക്കെതിരെ കേസ്
Mail This Article
ചാത്തമംഗലം ∙ കോഴിക്കോട് എൻഐടിയിൽ നടന്ന മതപരമായ ചടങ്ങിന് എതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച മലയാളി വിദ്യാർഥിയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികളെ പ്രതി ചേർത്ത് കുന്നമംഗലം പൊലീസ് കേസെടുത്തു. 21ന് എൻഐടിയിലെ സയൻസ് ആൻഡ് സ്പിരിച്വൽ ക്ലബ് നടത്തിയ പരിപാടിക്കിടെ ഇന്ത്യ രാമരാജ്യമല്ല എന്ന പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന് മലയാളി വിദ്യാർഥികളായ കൈലാഷ്, വൈശാഖ് എന്നിവർക്ക് ഉത്തരേന്ത്യൻ വിദ്യാർഥികളുടെ സംഘത്തിന്റെ മർദനമേറ്റിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ മർദനമേറ്റ കൈലാഷ് എന്ന വിദ്യാർഥി പരാതി നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച ആണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മർദനമേറ്റ അവസാന വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീനിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് വിവാദമാകുകയും ക്യാംപസിനകത്തും പുറത്തും എൻഐടിയിലെ ചരിത്രത്തിലെ വലിയ സമരത്തിനും സംഘർഷങ്ങൾക്കും ഇടയാക്കിയിരുന്നു. പിന്നീട് സസ്പെൻഷൻ താൽക്കാലികമായി മരവിപ്പിച്ചതോടെ വ്യാഴാഴ്ച രാത്രിയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. പരാതിക്കിടയാക്കിയ പരിപാടി നടത്താൻ എൻഐടി ഭരണ വിഭാഗത്തിലെ ഉന്നതരും കുടുംബാംഗങ്ങളും സൗകര്യം ചെയ്തത് അടക്കം കാര്യങ്ങൾ പരിശോധിക്കാൻ ക്യാംപസിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.