അന്ന് ജീപ്പ് കാത്ത് ആളുകൾ, ഇന്ന് ആളെക്കാത്ത് ജീപ്പുകൾ; കക്കട്ടിൽ ടൗണിൽ ജീപ്പുകൾ നിരത്തൊഴിയുന്നു
Mail This Article
കുറ്റ്യാടി∙ ജില്ലയിൽ ഏറ്റവും അധികം ടാക്സി ജീപ്പുകൾ സർവീസ് നടത്തിയിരുന്ന കക്കട്ടിൽ ടൗണിൽ ഇപ്പോൾ ജീപ്പ് സർവീസ് മൂന്നിലൊന്നു മാത്രം. ഏതാണ്ട് 250 ജീപ്പുകൾ കക്കട്ടിൽ ടൗണിൽ നിന്നു കൈവേലി, വണ്ണാത്തിപ്പൊയിൽ, പാതിരിപ്പറ്റ, മുള്ളമ്പത്ത്, എടോനി, താവുള്ളകൊല്ലി, തണ്ണീർപ്പന്തൽ, നരിപ്പറ്റ, കോയ്യാൽ തുടങ്ങിയ വിവിധ മലയോര മേഖലയിലേക്ക് സർവീസ് നടത്തിയിരുന്നു. നേരത്തേ മുഴുവൻ ടാക്സികളും വടകര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് നിർത്തിയിട്ടായിരുന്നു സർവീസ് നടത്തിയിരുന്നത്. അക്കാലത്ത് ടാക്സി സ്റ്റാൻഡ് ഇല്ലാത്തത് ടൗണിൽ ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. പിന്നീട്, പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പഞ്ചായത്ത് ടാക്സി സ്റ്റാൻഡ് പണിതു. ഇപ്പോൾ 60 ജീപ്പുകൾ മാത്രമാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.
കടുത്ത സാമ്പത്തിക ഞെരുക്കവും കൃഷിമേഖലയിൽ ജോലി ഇല്ലാതായതുമാണു യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം. കൂടെക്കൂടെയുള്ള ഇന്ധന വിലവർധനയും ഇൻഷുറൻസ് പ്രീമിയം വർധനയും സ്പെയർ പാർട്സ് വില വിലവർധനയും മൂലം പിടിച്ചു നിൽക്കാനാവാതെ പലരും ഈ മേഖലയിൽനിന്ന് പിൻവാങ്ങി. കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാനും മറ്റുമായിട്ടാണ് മലയോര മേഖലയിൽ നിന്നു ധാരാളം കർഷകരുൾപ്പെടെ പ്രധാന ടൗണായ കക്കട്ടിൽ എത്തിയിരുന്നത്. തേങ്ങ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളുടെ വിലയിടിവും ഒപ്പം കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിയായി.