ഒരു മാസമായി ജഡ്ജി ഇല്ല; വടകര കുടുംബക്കോടതി സ്തംഭിച്ചു
Mail This Article
വടകര∙ കുടുംബക്കോടതി പ്രവർത്തനം സ്തംഭിച്ചു. ഒരു മാസമായി ജഡ്ജി ഇല്ല. മേയ് വരെ കാലാവധിയുള്ള ജഡ്ജി ഡിസംബർ 31 ന് സ്വയം പിരിഞ്ഞു പോയതിനെ തുടർന്നാണ് കോടതിയുടെ പ്രവർത്തനം പൂർണമായി സ്തംഭിച്ചത്. സ്ഥിരം ജഡ്ജി ഇല്ലാതായിട്ട് 2 വർഷമായി. കോഴിക്കോട്ടുള്ള ജഡ്ജിക്ക് ആയിരുന്നു ചുമതല. ആഴ്ചയിൽ 2 ദിവസം സിറ്റിങ് നടത്തിയിരുന്നു. പിന്നീട് സിറ്റിങ് ഒരു ദിവസമായി കുറച്ചു. കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യപ്രകാരം ഹൈക്കോടതി കരാർ അടിസ്ഥാനത്തിൽ റിട്ട. ജഡ്ജിയെ നിയമിച്ചിരുന്നു. അദ്ദേഹമാണ് സ്വയം പിരിഞ്ഞത്. ഇപ്പോൾ കോഴിക്കോട്ടെ ജഡ്ജിക്ക് ചുമതല ഉണ്ടെങ്കിലും സിറ്റിങ് നടക്കുന്നില്ല. സംരക്ഷണച്ചെലവ് ലഭിക്കേണ്ടവരും അതു കോടതി മുഖേന ലഭിച്ചിരുന്നവരും ഇപ്പോൾ വെട്ടിലായി. വിവാഹമോചനം ലഭിക്കേണ്ടവരുടെ കാത്തിരിപ്പും തീരുമാനമാകാതെ നീളുകയാണ്. മൂവായിരത്തോളം കേസുകളാണ് കുടുംബക്കോടതിയിൽ കെട്ടിക്കിടക്കുന്നത്.