തീരദേശ ഹൈവേ: അതിർത്തിക്കല്ല് സ്ഥാപിക്കൽ തുടങ്ങി
Mail This Article
ഫറോക്ക് ∙ തീരദേശ ഹൈവേയുടെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിൽ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. നേരത്തേ സർവേ നടത്തി നിർണയിച്ച ഭാഗങ്ങളിലാണ് അതിർത്തിക്കല്ലുകൾ നാട്ടുന്നത്. ജില്ലയിൽ കടലുണ്ടിക്കടവ് മുതൽ കരുവൻതിരുത്തി മഠത്തിൽപാടം വരെയുള്ള ആദ്യ റീച്ചിലെ സ്ഥലമെടുക്കൽ നടപടികളാണ് പുരോഗമിക്കുന്നത്. രണ്ടാം റീച്ചിൽ ബേപ്പൂർ ബിസി റോഡ് മുതൽ കോതി ബീച്ച് വരെയാണ് ഭൂമി ഏറ്റെടുക്കുന്നത്.കടലുണ്ടി വില്ലേജിലെ 47 സർവേ നമ്പറുകളിലും കരുവൻതിരുത്തി വില്ലേജിലെ 15 സർവേ നമ്പറുകളിലുമുള്ള ഭൂമിയാണ് റോഡിന് ആവശ്യമായി കണ്ടെത്തിയിരിക്കുന്നത്.
ഫോർ വൺ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച ശേഷം സാമൂഹികാഘാത പഠനം നടത്തും. പിന്നീട് റോഡിനു ആവശ്യമായ ഭൂമിയുടെ പട്ടിക തയാറാക്കി ഭൂവുടമകളെ അറിയിക്കും. 2 റീച്ച് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി പദ്ധതിയിൽ നേരത്തേ സർക്കാർ 96.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടലുണ്ടിക്കടവ് മുതൽ കരുവൻതിരുത്തി മഠത്തിൽപാടം വരെ റോഡിന് 10.1 കോടിയും ബേപ്പൂർ ബിസി റോഡ് മുതൽ കോതി ബീച്ച് വരെയുള്ള റീച്ചിന് 86.25 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.തീരദേശ ഹൈവേക്കു വേണ്ടി 15.6 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. വളവു തിരിവുകൾ പരമാവധി ഒഴിവാക്കും വിധത്തിലാണ് അലൈൻമെന്റ് തയാറാക്കിയിരിക്കുന്നത്.
9 മീറ്ററിൽ ടാറിങ് പ്രതലം, 2.5 മീറ്റർ സൈക്കിൾ ട്രാക്ക്, 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാത, ഓട, ബസ് ബേ എന്നിവയെല്ലാം തീരദേശ ഹൈവേ വിഭാവനം ചെയ്യുന്നുണ്ട്.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 9 തീരദേശ ജില്ലകളിലൂടെയാണ് ഹൈവേ നിർമിക്കുന്നത്. കടലുണ്ടിക്കടവ് മുതൽ അഴിയൂർ വരെ 84 കിലോമീറ്ററിലാണ് ജില്ലയിൽ തീരദേശ ഹൈവേ കടന്നു പോകുക. കടലുണ്ടിക്കടവ് പാലം, ചാലിയം, കരുവൻതിരുത്തി വഴി ചാലിയാറിനു കുറുകെ നിർമിക്കുന്ന നിർദിഷ്ട എക്സ്ട്രാ ഡോസ്ഡ് പാലം കടന്നാണു ഹൈവേ നഗരത്തിലേക്കു കടക്കുക. തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന തീരദേശ ഹൈവേ മേഖലയിൽ ടൂറിസം വികസനത്തിനും മുതൽക്കൂട്ടാകും.