കുറ്റ്യാടി ജലസേചന പദ്ധതി: മെയിൻ കനാൽ തുറന്നു
Mail This Article
ചക്കിട്ടപാറ ∙ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാനുള്ള പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാൽ ഇന്നലെ തുറന്നു. പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 2.36 മീറ്റർ ക്യുബിക് ജലമാണ് ഇന്നലെ പ്രധാന കനാലിലേക്ക് ഒഴുക്കിത്തുടങ്ങിയത്. കനാലിൽ വെള്ളത്തിന്റെ അളവിനനുസരിച്ച് ഷട്ടർ പരമാവധി 90 സെന്റീമീറ്റർ വരെ തുറന്നുവിടും.വടകര താലൂക്ക് മേഖലയിലാണ് ആദ്യഘട്ടത്തിൽ ജലം എത്തിക്കുന്നത്. 8ന് പട്ടാണിപ്പാറയിൽ നിന്ന് ഇടതുകര കനാൽ കൂടി തുറന്ന് കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിൽ വെള്ളം ലഭ്യമാക്കും.
പെരുവണ്ണാമൂഴിയിലെ സ്മൃതി മണ്ഡപത്തിൽ, പദ്ധതിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് ശേഷമാണ് കനാൽ തുറന്നത്. ഡാമിനു താഴ്ഭാഗത്ത് നിന്നു കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ.ഗിരീഷ് കുമാർ ഷട്ടറിന്റെ മോട്ടർ പ്രവർത്തിപ്പിച്ച് കനാലിലേക്ക് വെള്ളം ഒഴുക്കി. കഴിഞ്ഞ വർഷം ഫെബ്രുവരി 20നാണ് കനാൽ തുറന്നത്.603 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിൽ കഴിഞ്ഞ വർഷം 480 കിലോമീറ്റർ ദൂരത്തിലാണ് വെള്ളം എത്തിച്ചിരുന്നത്. ഇത്തവണ കനാലിൽ 550 കിലോമീറ്ററോളം ദൂരം വെള്ളം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ഇന്നലെ പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.12 മീറ്റർ ആണ്. ഡാമിന്റെ സംഭരണശേഷി 74.284 മെട്രിക് എംക്യുഎം ആണ്. ഡാമിന്റെ മൊത്തം സംഭരണശേഷിയുടെ 30 ശതമാനത്തോളം ചെളിയും, മണലും നിറഞ്ഞതിനാൽ ഡാമിൽ ശേഖരിക്കുന്ന ജലത്തിന്റെ അളവിലും കുറവ് സംഭവിച്ചിട്ടുണ്ട്.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.കെ.ബിജു, വി.അരവിന്ദാക്ഷൻ, അസിസ്റ്റന്റ് എൻജിനീയർമാരായ പി.വി.അജയ് ചന്ദ്രൻ, കെ.ടി.അർജുൻ, വി.പി.അശ്വിൻ ദാസ്, വി.കെ.അശ്വതി, കെ.പി.പ്രമിത, വി.വി.സുഭിക്ഷ, പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി.പ്രീതി, അസി.എൻജിനീയർ ദീപു സി.കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.